നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് റിഷഭ് പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കാണ് തുണയായത്.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ സിക്സര്‍ റെക്കോര്‍ഡിട്ട് ഇന്ത്യയുടെ റിഷഭ് പന്ത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം നേരിട്ട നാലാം പന്ത് തന്നെ സിക്സിന് തൂക്കിയതോടെയാണ് റിഷഭ് പന്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ജോഷ് ടങിനെതിരെ ഇന്ന് നേടിയ സിക്സര്‍ ഇംഗ്ലണ്ടിലെ റിഷഭ് പന്തിന്‍റെ 22ാം സിക്സായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ 21 സിസ്കുള്‍ പറത്തി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന ബെന്‍ സ്റ്റോക്സിനെയാണ് റിഷഭ് പന്ത് ഇന്ന് മറികടന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ രണ്ടാമത്തെ താരം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സാണ്. ഇംഗ്ലണ്ടില്‍ 16 സിക്സുകളാണ് റിച്ചാര്‍ഡ്സിന്‍റെ പേരിലുള്ളത്. റെക്കോര്‍ഡിട്ടശേഷവും സിക്സ് അടി തുടര്‍ന്ന റിഷഭ് പിന്നീട് ജോഷ് ടങിനെ രണ്ട് തവണ കൂടി സിക്സിന് പറത്തി.

 

Scroll to load tweet…

നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് റിഷഭ് പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കാണ് തുണയായത്. ഇംഗ്ലീഷ് പേസര്‍മാരെയും സ്പിന്നര്‍മാരെയും അടിച്ചുപറത്തിയ പന്ത് നാലാം ദിനം ലഞ്ചിനുശേഷം 48 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 58 പന്തില്‍ 65 റണ്‍സെടുത്ത പന്ത് മൂന്ന് സിക്സും എട്ട് ഫോറും പറത്തിയാണ് പുറത്തായത്. നേരത്ത ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്ന റിഷഭ് പന്ത് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സെടുത്ത് പുറത്തായിരുന്നു.

കിംഗിനെ പിന്നിലാക്കി പ്രിന്‍സ്

ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാകട്ടെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയതോടെ വിദേശപരമ്പരകളില്‍ ക്യാപ്റ്റനായി അരങ്ങേറി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനായി. 2014-15ലെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ 449 റണ്‍സടിച്ച് ക്യാപ്റ്റനായി അരങ്ങേറിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ ഇന്ന് മറികടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക