ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി.
വോഴ്സെസ്റ്റര്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവന്‍ഷി 52 പന്തില്‍ സെഞ്ചുറി തികച്ചു. ഏഴ് സിക്സും 10 ഫോറും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്.
ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിഹാന്‍ മല്‍ഹോത്രക്കൊപ്പം 167 റണ്‍സടിച്ച വൈഭവ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയെ 21 ഓവറില്‍ 181 റണ്‍സിലെത്തിച്ചു. 60 പന്തില്‍ 114 റണ്‍സുമായി ക്രീസിലുള്ള വൈഭവിനൊപ്പം 52 പന്തില്‍ 38 റണ്‍സുമായി വിഹാന്‍ മല്‍ഹോത്രയാണ് ക്രീസിലുള്ളത്. ഇന്ത്യ ജയിച്ച പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 45ഉം ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ 31 പന്തില്‍ 86 റൺസും നേടിയിരുന്നു.
അഅഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാവും. കഴിഞ്ഞ ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി അരങ്ങേറിയ പതിനാലുകാരന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് ഇന്നിംഗ്സ് തുടങ്ങിയത്. പിന്നീട് ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു. ഐപിഎല്ലിലെ മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരവും വൈഭവ് സ്വന്തമാക്കിയിരുന്നു.