71 പന്തിൽ ഏഴ് ഫോറുകളോടെ അൻപതിലെത്തിയ പന്തിന് സെഞ്ചുറിയിലെത്താൻ 35 പന്ത് കൂടിയേ വേണ്ടിവന്നുള്ളൂ

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍(ENG vs IND 3rd ODI) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ വിജയം(Team India) അനായാസമാക്കിയത്. 113 പന്തിൽ പുറത്താവാതെ 125* റൺസെടുത്ത റിഷഭ് പന്ത് തന്നെയാണ് മാൻ ഓഫ് ദി മാച്ചും. തനിക്കെതിരെ ഉയ‍ര്‍ന്ന എല്ലാ വിമര്‍ശനങ്ങളേയും ബാറ്റ് കൊണ്ട് അതിര്‍ത്തി കടത്തുന്നതായി റിഷഭിന്‍റെ പ്രകടനം. ഒപ്പമൊരു തകര്‍പ്പന്‍ റെക്കോര്‍ഡും റിഷഭ് സ്വന്തമാക്കി. അതും ഇതിഹാസ താരം എം എസ് ധോണിക്ക് പോലുമില്ലാത്ത നേട്ടം. 

അടിത്തറയിളകിയ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നെടുന്തൂണാവുകയായിരുന്നു റിഷഭ് പന്ത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശിഖര്‍ ധവാനും സൂര്യകുമാര്‍ യാദവുമെല്ലാം ഇംഗ്ലീഷ് പേസിന് മുന്നിൽ തലകുനിച്ചപ്പോൾ പതറാതെ കളിച്ച റിഷഭ് ഗംഭീര ശതകം തികച്ചു. 71 പന്തിൽ ഏഴ് ഫോറുകളോടെ അൻപതിലെത്തിയ റിഷഭിന് സെഞ്ചുറിയിലെത്താൻ 35 പന്ത് കൂടിയേ വേണ്ടിവന്നുള്ളൂ. ഇരുപത്തിയേഴാം ഏകദിനത്തിലാണ് റിഷഭിന്‍റെ ആദ്യ ഏകദിന സെഞ്ചുറി. ഇതോടെ ഇംഗ്ലണ്ടിൽ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിന് സ്വന്തമായി.

നാൽപ്പത്തിരണ്ടാം ഓവറിൽ ഡേവിഡ് വില്ലിയുടെ അഞ്ച് പന്തും ബൗണ്ടറി കടത്തി റിഷഭ് പന്ത് ഇന്ത്യന്‍ വിജയം ആഘോഷമാക്കി. പതിനാറ് ഫോറും രണ്ട് സിക്സുമടങ്ങിയ തകർപ്പൻ ഇന്നിംഗ്സ്. ആക്രമിച്ച് കളിക്കുമ്പോഴും ഉത്തരവാദിത്തക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് മത്സര ശേഷം റിഷഭ് പന്ത് വ്യക്തമാക്കി. നേരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും പന്ത് സെഞ്ചുറി നേടിയിരുന്നു.

റിഷഭ് പന്ത് വിസ്‌മയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമായി. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹാര്‍ദിക് പാണ്ഡ്യ(55 പന്തില്‍ 71) റിഷഭിന് മികച്ച പിന്തുണ നല്‍കി. നേരത്തെ ബൗളിംഗില്‍ പാണ്ഡ്യ നാല് വിക്കറ്റ് വീഴ്‌ത്തി. യുസ്‌വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റുണ്ട്.

കന്നി സെഞ്ചുറിയുമായി റിഷഭ് പന്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, പരമ്പര