ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനോട് താരതമ്യം ചെയ്യുന്നതിനെ എതിര്‍ത്ത് ആര്‍ അശ്വിന്‍.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനോട് താരതമ്യം ചെയ്യുന്നതിനെ എതിര്‍ത്ത് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ആദം ഗില്‍ക്രിസ്റ്റിനോടല്ല അതിനെക്കാള്‍ മികച്ച താരങ്ങളോടാണ് റിഷഭ് പന്തിനെ താരതമ്യം ചെയ്യേണ്ടതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഗില്‍ക്രിസ്റ്റിനെക്കാള്‍ മികച്ച പ്രതിരോധമാണ് റിഷഭ് പന്തിന്‍റേതെന്നും അതുകൊണ്ട് തന്നെ പന്തിനെ ഗില്‍ക്രിസ്റ്റിനോട് താരതമ്യം ചെയ്യാനാവില്ലെന്നും അശ്വിന്‍ പറഞ്ഞു. റിഷഭ് പന്തിനെ ആദം ഗില്‍ക്രിസ്റ്റുമായി പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ അത് ശരിയായ താരതമ്യമല്ല, കാരണം ഗില്‍ക്രിസ്റ്റിനെക്കാള്‍ മികച്ച പ്രതിരോധമുള്ള താരമാണ് റിഷഭ് പന്ത്. അതുകൊണ്ട് തന്നെ മറ്റ് മികച്ച ബാറ്റര്‍മാരുമായാണ് പന്തിനെ താരതമ്യം ചെയ്യേണ്ടത്. ഗില്‍ക്രിസ്റ്റിനോടല്ല, റിഷഭ് പന്ത് ചെയ്യുന്ന കാര്യങ്ങള്‍ അവന് മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്നും അശ്വിന്‍ വ്യക്തമാക്കി.

റിഷഭ് പന്ത് തന്‍റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആക്രമണോത്സുക ബാറ്റിംഗിലൂടെ അവന്‍ നമ്മളെയെല്ലാം എന്‍റര്‍ടെയിന്‍ ചെയ്യിക്കാറുണ്ട്. അതുപോലെ തന്നെ ടീമിന് ആവശ്യമുള്ളപ്പോള്‍ മികച്ച പ്രതിരോധം കാഴ്ചവെക്കാനുമവന് കഴിയും. അവന്‍ ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പുതുമുഖമല്ല, അതുകൊണ്ട് തന്നെ പന്ത് അവന്‍റേതായ നിലവാരം ഉണ്ടാക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്-അശ്വിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് ആന്‍ഡി ഫ്ലവറിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായിരുന്നു. ബര്‍മിംഗ്ഹാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ 58 പന്തില്‍ 65 റൺസെടുത്ത് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക