ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ ഫ്ലുമിനൻസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ചെൽസി ഫൈനലിൽ. ജാവോ പെഡ്രോയുടെ ഇരട്ട ഗോളാണ് ചെൽസിയുടെ വിജയം ഉറപ്പിച്ചത്.

ന്യൂജേഴ്സി: ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസി ഫൈനലിൽ. സെമിയിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനൻസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. ബ്രസീൽ താരം ജാവോ പെഡ്രോയുടെ ഇരട്ട ഗോൾ മികവിലാണ് ചെൽസിയുടെ ഫൈനൽ പ്രവേശനം. ചെൽസിക്കായുള്ള അരങ്ങേറ്റ മത്സരത്തിലാണ് പെഡ്രോയുടെ ഡബിൾ. 18,56 മിനിറ്റുകളിലായിരുന്നു ഗോൾ.

പെഡ്രോ നെറ്റോയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ വെറ്ററന്‍ താരം തിയാഗോ സില്‍വക്ക് പിഴച്ചതില്‍ നിന്നായിരുന്നു ചെല്‍സി ആദ്യ ഗോള്‍ നേടിയത്. 56-ാം മിനിറ്റില്‍ പെഡ്രോയുടെ കരുത്തുറ്റ ഷോട്ട് ഫ്ലൂമിനന്‍സിന്‍റെ വലതുളച്ചതോടെ ക്ലബ്ബ് ലോകപ്പില്‍ യൂറോപ്യന്‍ ഫൈനല്‍ ഉറപ്പിച്ച് ചെല്‍സി കിരീടപ്പോരിപന് അര്‍ഹത നേടി. കഴിഞ്ഞ ആഴ്ചയാണ് പെഡ്രോയുമായി ചെല്‍സി കരാറിലെത്തിയത്. 

Scroll to load tweet…

ആദ്യ പകുതിയില്‍ പെനല്‍റ്റി ബോക്ലില്‍ വെച്ച് ചെല്‍സി താരം ട്രെവോ ചാലോബയുടെ കൈയില്‍ പന്ത് തട്ടിയതിന് ഫ്ലൂമിനന്‍സിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചെങ്കിലും പിന്നീട് വാര്‍ പരിശോധനയില്‍ സ്വന്തം തീരുമാനം റഫറി തിരുത്തിയത് ഫ്ലൂമിനന്‍സിന് തിരിച്ചടിയായി. അതേസമയം, ജയം ഉറപ്പിച്ചശേഷം 93-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ മോയ്സ്സ കായ്സീഡോ കണങ്കാലിന് പരിക്കേറ്റ് മടങ്ങിയത് ഫൈനലില്‍ ചെല്‍സിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

Scroll to load tweet…

ഇന്ന് റയല്‍-പിഎസ്‌ജി രണ്ടാം സെമി

ഫിഫ ക്ലബ് ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇന്ന് റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ക്വാർട്ടർ ഫൈനലിൽ ജർമ്മൻ കടമ്പ കടന്നാണ് പിഎസ്‌ജിയും റയൽ മാഡ്രിഡും ഫിഫ ക്ലബ് ലോകപ്പിന്‍റെ ഫൈനൽ ലക്ഷ്യമിട്ട് നേർക്കുനേർ വരുന്നത്. പിഎസ്‌ജി ക്വാർട്ടറിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബയേൺ മ്യൂണിക്കിനെ തോൽപിച്ചപ്പോൾ, റയൽ സെമി ഉറപ്പിച്ചത് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് മറികടന്നായിരുന്നു. ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ സ്പാനിഷ്, ഫ്രഞ്ച് വമ്പൻമാർ ഏറ്റുമുട്ടുമ്പോൾ ശ്രദ്ധാകേന്ദ്രമാവുക റയൽ താരം കിലിയൻ എംബാപ്പേ ആയിരിക്കും.

പി എസ് ജി വിട്ടതിന് ശേഷം ആദ്യമായാണ് എംബാപ്പേ പാരിസ് ക്ലബിനെതിരെ ബൂട്ടുകെട്ടുന്നത്. പുതിയ കോച്ച് സാബി അലോൻസോയ്ക്ക് കീഴിൽ ആദ്യ ടൂർണമെന്‍റിൽ തന്നെ കിരീടം ലക്ഷ്യമിടുന്ന റയലിന് എംബാപ്പേ അസുഖം മാറി തിരിച്ചെത്തുന്നത് കരുത്താവും. പുത്തൻകണ്ടെത്തലായ ഗൊൺസാലോ ഗാർസ്യയുടെ സ്കോറിംഗ് മികവ് റയലിന് പുത്തനുണർവ് നല്‍കുന്നു. വിനിഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗ്ഹാം, ആർദ ഗുലർ, ചുവാമെനി, വാൽവർദേ എന്നിവർകൂടി ചേരുമ്പോൾ റയൽനിര സർവസജ്ജം.

മെസിക്കും നെയ്മറിനും പിന്നാലെ എംബാപ്പേയും ടീം വിട്ടെങ്കിലും ശക്തമായ ടീമിനെ വാർത്തെടുത്ത കോച്ച് ലൂയിസ് എൻറികെ ഫ്രഞ്ച് ലീഗ് വൺ കിരീടത്തിനൊപ്പം ചാമ്പ്യൻസ് ലീഗ് ട്രോഫിയും പിഎസ്‌ജിൽ എത്തിച്ചാണ് കരുത്ത് തെളിയിച്ചത്. രസ്കേലിയ, ദുവേ, ബാർകോള, റൂയിസ്, നെവസ്, വിറ്റീഞ്ഞ തുടങ്ങിയവർക്കൊപ്പം പരിക്ക് മാറി ഡെംബലേ കൂടിയെത്തിയാൽ പിഎസ്‌ജിയെ പിടിച്ചുകെട്ടുക റയലിന് എളുപ്പമാവില്ല. പിഎസ്‌ജി മധ്യനിരയുടെ ഒഴുക്കും അഴകുമുള്ള കളി റയൽ എങ്ങനെ പ്രതിരോധിക്കും എന്നറിയാനാണ് ഫുട്ബോൾ ലോകത്തിന്‍റെ ആകാംക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക