ഇന്നലെ 37 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്രിസ് വോക്സിന്‍റെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കവെ കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയത്.
മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പോരാട്ടവീര്യത്തിന്‍റെ പര്യായമായി റിഷഭ് പന്ത്. ആദ്യ ദിനം കാല്‍പ്പാദത്തിന് പരിക്കേറ്റ് മടങ്ങിയിട്ടും സ്കാനിംഗില്‍ കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും രണ്ടാം ദിനം റിഷഭ് പന്ത് ഇന്ത്യക്കായി ക്രീസിലിറങ്ങി. രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെയും പിന്നീട് ഷാര്‍ദ്ദുല്‍ താക്കൂറിനെയും നഷ്ടമായി ഇന്ത്യ തകരുമ്പോഴാണ് മുടന്തി നടന്ന് റിഷഭ് പന്ത് പതുക്കെ ക്രീസിലെത്തിയത്. പരിക്കേറ്റ കാലുമായി റിഷഭ് പന്ത് ബാറ്റ് ചെയ്യാന്‍ ഓള്‍ ട്രാഫോര്‍ഡിന്‍റെ പടികളിറങ്ങിവന്നപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൈയടിച്ചു.
ഇന്നലെ 37 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്രിസ് വോക്സിന്‍റെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കവെ കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയത്. പിന്നീട് സ്കാനിംഗിന് വിധേയനായ പന്തില്‍ കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടെന്നും ആറാഴ്ച വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. രണ്ടാം ദിനം റിഷഭ് പന്ത് ഗ്രൗണ്ടില്‍ പോലും വരില്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും പരിക്കേറ്റ കാലുമായി പന്ത് ഡ്രസ്സിംഗ് റൂമിലെത്തി. പിന്നാലെ ഷാര്‍ദ്ദുല്‍ താക്കൂര്‍ പുറത്തായതോടെ ക്രീസിലിറങ്ങുകയും ചെയ്തു. റണ്‍ ഓടിയെടുക്കാന്‍ ബുദ്ധിമുട്ടിയങ്കിലും ലഞ്ചിന് പിരിയുമ്പോൾ 20 റണ്‍സുമായി ക്രീസിലുള്ള വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 39 റൺസുമായി റിഷഭ് പന്ത് ക്രീസിലുണ്ട്.
ജഡേജയും ഷാര്‍ദ്ദുലും മടങ്ങി
264-4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ. ജഡേജ 20 റണ്‍സുമായാണ് മടങ്ങിയത്. 266-5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേര്‍ന്ന് 300 കടത്തി. ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിച്ചപ്പോള്‍ ലഭിച്ച ബൈ റണ്ണുകളും ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചു. 48 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബെന്‍ സ്റ്റോക്സിനെ കട്ട് ചെയ്യാന്‍ ശ്രമിച്ച ഷാര്‍ദ്ദുലിനെ(41) ബെന്‍ ഡക്കറ്റ് പറന്നു പിടിച്ചു. പിന്നീടായിരുന്നു റിഷഭ് പന്ത് ക്രീസിലെത്തിയത്. രണ്ടാം ദിനം മഴമൂലം നേരത്തെ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റെടുത്തു.


