സഞ്ജു സാംസണ്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും! തിരിച്ചുവരവിന്റെ പാതയില്‍ റിഷഭ് പന്ത്, ലക്ഷ്യം ഇംഗ്ലണ്ട് പര്യടനം
ബംഗളൂരു ക്രിക്കറ്റ് അക്കാദമിയില്‍ ബിസിസിഐയുടെ പ്രത്യേക പരിചരണത്തിലാണ് താരം. ജിമ്മിലും പുറത്തും വ്യായാമ മുറകള്‍ അഭ്യസിക്കുന്ന ദൃശ്യങ്ങള്‍ പന്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ദില്ലി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് തിരിച്ചുവരവിന്റെ പാതയില്‍. കായികക്ഷമത തിരിച്ചുകൊണ്ടുവരാണ് ആഹാരക്രമം പാലിക്കുകയാണ് താരം. അടുത്ത വര്‍ഷം ജനുവരി അവസാനം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ തിരിച്ചെത്താനാണ് ശ്രമം. കഴിഞ്ഞ ഡിസംബര്‍ 30ന് കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്തിനിത് രണ്ടാം ജന്മമാണ്. കരിയറിയും പുതിയ ഇന്നിംഗ്‌സിനൊരുങ്ങുകയാണ് താരം. കാല്‍മുട്ട് ശസ്ത്രക്രിയക്ക് ശേഷമാണ് കഠിന പരിശ്രമത്തിലൂടെ മടങ്ങിവരവിനൊരുങ്ങുന്നത്.
ബംഗളൂരു ക്രിക്കറ്റ് അക്കാദമിയില്‍ ബിസിസിഐയുടെ പ്രത്യേക പരിചരണത്തിലാണ് താരം. ജിമ്മിലും പുറത്തും വ്യായാമ മുറകള്‍ അഭ്യസിക്കുന്ന ദൃശ്യങ്ങള്‍ പന്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കിച്ചടിയും ഇലക്കറികളും മത്തങ്ങയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ശരീര ഭാരം നിയന്ത്രിച്ച് കായികക്ഷമത വീണ്ടെടുക്കാനാണ് ശ്രമം. ദഹന പ്രശ്‌നത്താല്‍ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ മാംസാഹാരവും മെനുവില്‍ ഉള്‍പ്പെടുത്തി.
ഓഗസ്റ്റ് 16ന് പരിശീലനത്തിനിടെ പന്ത് സിക്‌സര്‍ പറത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചും സജീവമാണ് രണ്ടാം വരവിനൊരുങ്ങുന്ന റിഷഭ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്‍സിഎയില്‍ പരിശീലനം നടത്തുമ്പോള്‍ പന്ത് ക്യാംപിലെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന് ആവേശം പകരാനും താരമുണ്ടായിരുന്നു. എന്‍സിഎയില്‍ ബിസിസിഐ രൂപകല്‍പന ചെയ്ത പ്രത്യേക പരിശീലനമാണ് റിഷഭ് നടത്തുന്നത്.
നേരത്തെ തന്നെ നടക്കാനാരംഭിച്ച റിഷഭ് സ്‌ട്രെങ്ത്, ഫ്‌ലെക്‌സിബിളിറ്റി, റണ്ണിംഗ് പരിശീലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതിനൊപ്പം നെറ്റ്‌സില്‍ പരിശീലനവും തുടങ്ങിയിരുന്നു താരം. റിഷഭ് പന്ത് നെറ്റ്‌സില്‍ ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് പരിശീലനം ആരംഭിച്ചതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിനിടെ ഒരു പരിശീലന മത്സരത്തില്‍ സിക്‌സുകള്‍ പായിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.