പന്ത് പരിക്കേറ്റ് മാറുമ്പോള്‍ സ്വാഭാവികമായി സഞ്ജുവിനല്ലേ അവസരം ലഭിക്കേണ്ടത് എന്ന ചോദ്യമാണ് ആരാധകര്‍ക്ക് ഉള്ളത്. സഞ്ജുവിനെ തഴയാന്‍ വേണ്ടി മനപ്പൂര്‍വ്വം പന്തിന്‍റെ പരിക്ക് മറച്ചുവെച്ച് മത്സരം തുടങ്ങുന്ന ദിവസം വരെ നീട്ടിയതാണോയെന്ന് ഒരുപടി കൂടെ കടന്നുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ആരാധകരുമുണ്ട്

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒഴിവാക്കിയ തീരുമാനത്തില്‍ ടീം മാനേജ്മെന്‍റിനെതിരെ വ്യാപക വിമര്‍ശനം. പരിക്കേറ്റ മുഹമ്മദ് ഷമിയെ മാറ്റി പകരക്കാരനെ നിയോഗിച്ചിരുന്നു. പിന്നെ എന്ത് കൊണ്ടാണ് പരിക്കുള്ള റിഷബ് പന്തിനെ മത്സരദിവസം വരെ നിലനിര്‍ത്തിയതെന്നുള്ള പ്രധാന ചോദ്യമാണ് ഉയരുന്നത്.

ഏകദിന ലോകകപ്പിന് വേണ്ടിയുള്ള തയാറെടുപ്പ് എന്ന നിലയ്ക്ക് പന്തിന് പകരക്കാരനായി സഞ്ജു സാംസണെയോ ഇഷാന്‍ കിഷനെയോ പരീക്ഷിക്കാനുള്ള അവസരം ബംഗ്ലാദേശിനെതിരെ ലഭിക്കില്ലായിരുന്നോ എന്നും ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ആദ്യത്തെ മത്സരത്തില്‍ മാത്രം അവസരം കിട്ടിയ സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.

Scroll to load tweet…

എന്നാല്‍, ആറാം ബൗളര്‍ വേണമെന്ന ആവശ്യമുയര്‍ത്തി പകരം ദീപക് ഹൂഡയെ ആണ് ബാക്കി രണ്ട് മത്സരങ്ങളിലും കളിപ്പിച്ചത്. ഇപ്പോള്‍ പന്ത് പരിക്കേറ്റ് മാറുമ്പോള്‍ സ്വാഭാവികമായി സഞ്ജുവിനല്ലേ അവസരം ലഭിക്കേണ്ടത് എന്ന ചോദ്യമാണ് ആരാധകര്‍ക്ക് ഉള്ളത്. സഞ്ജുവിനെ തഴയാന്‍ വേണ്ടി മനപ്പൂര്‍വ്വം പന്തിന്‍റെ പരിക്ക് മറച്ചുവെച്ച് മത്സരം തുടങ്ങുന്ന ദിവസം വരെ നീട്ടിയതാണോയെന്ന് ഒരുപടി കൂടെ കടന്നുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ആരാധകരുമുണ്ട്. പന്തിന് പകരം ഇന്ന് കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പിംഗിന്‍റെ അധിക ചുമതല നിര്‍വഹിക്കുക.

Scroll to load tweet…

ഫോമിന്‍റെ കാര്യത്തില്‍ വലിയ വിമര്‍ശനം നേരിടുന്ന രാഹുലിന് വിക്കറ്റ് കീപ്പിംഗിന്‍റെ ബാധ്യത കൂടെ നല്‍കുന്നതും ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. റിഷഭ് പന്തിനെ എന്തിനാണ് ഒഴിവാക്കിയതെന്ന് ഇതുവരെ വ്യക്തമായ അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍, പന്തിന് ചെറിയ പരിക്ക് അലട്ടുന്നുണ്ടെന്നാണ് ടീം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മെഡിക്കല്‍ ടീമിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പന്തിനെ ടീമില്‍ നിന്ന് മാറ്റിയത്. പകരം താരങ്ങളെയൊന്നും ടീമിലേക്ക് വിളിച്ചിട്ടില്ല. ബംഗ്ലാദേശിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് പന്ത് തിരികെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.