ഇതില്‍ നവദീപ് സെയ്നിയുടെ പന്തില്‍ ആവേശ് ഖാനെ ലെഗ് സ്ലിപ്പിലേക്ക് പറന്നെടുത്ത ക്യാച്ചായിരുന്നു ആരാധകരെ ഞെട്ടിച്ചത്.

ബെംഗലൂരു: രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ മികവ് കാട്ടിയാണ് റിഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിൽ ഇന്ത്യ ബിക്കായി ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് ആദ്യ ഇന്നിംഗ്സില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 47 പന്തില്‍ 61 റണ്‍സെടുത്ത് വെിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരുന്നു. വിക്കറ്റിന് മുന്നില്‍ മാത്രമല്ല, എതിരാളികളെ വിക്കറ്റിന് പിന്നില്‍ നിന്ന് ബാറ്റര്‍മാരെ പ്രകോപിപ്പിച്ചും ക്യാച്ചുകള്‍ പറന്നു പിടിച്ചും റിഷഭ് പന്ത് മികവ് കാട്ടി. ആദ്യ ഇന്നിംഗ്സില്‍ രണ്ട് ക്യാച്ചുകളെടുത്തിരുന്ന പന്ത് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് ക്യാച്ചുകളാണ് കൈപ്പിടിയിലൊതുക്കിയത്.

ഇതില്‍ നവദീപ് സെയ്നിയുടെ പന്തില്‍ ആവേശ് ഖാനെ ലെഗ് സ്ലിപ്പിലേക്ക് പറന്നെടുത്ത ക്യാച്ചായിരുന്നു ആരാധകരെ ഞെട്ടിച്ചത്. സെയ്നിയുടെ ഷോര്‍ട്ട് പിച്ച് പന്ത് ആവേശിന്‍റെ ഗ്ലൗസിലുരസി ലെഗ് സ്ലിപ്പിലേക്ക് പോയപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തന്‍റെ ഇടതുവശത്തേക്ക് പറന്നാണ് പന്ത് ക്യാച്ച് കൈയിലൊതുക്കിയത്.

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി മുഷീര്‍ ഖാന്‍റെ സെഞ്ചുറി കരുത്തില്‍ 321 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ എക്ക് 231 റണ്‍സെ നേടാനായിരുന്നുള്ളു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ബി 184 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ഇന്ത്യ എയെ 198 റണ്‍സിന് പുറത്താക്കിയാണ് 76 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയത്. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരം പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതും റിഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ ടീമിലെത്തിയതും. ഇന്ത്യ ബിക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മുഷീര്‍ ഖാനായിരുന്നു കളിയിലെ താരം. ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരനാണ് മുഷീര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക