മുംബൈ: യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് വിക്കറ്റ് കീപ്പിംഗിൽ പ്രത്യേക പരിശീലനം നൽകുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ. മുൻ വിക്കറ്റ് കീപ്പർ കിരൺ മോറെ പന്തിന്റെ പരിശീലകനാവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. 

മികച്ച ബാറ്റ്സ്‌മാനാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇക്കഴിഞ്ഞ പരമ്പരയിലും ഇത് വ്യക്തമായതാണ്. വിക്കറ്റ് കീപ്പിംഗിലാണ് പന്ത് മെച്ചപ്പെടാനുള്ളത്. ഇതിനുവേണ്ടിയാണ് പ്രത്യേക പരിശീലകനെ നൽകുന്നതെന്നും പ്രസാദ് പറഞ്ഞു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും ചോരുന്ന കൈകളുടെ പേരില്‍ വലിയ വിമര്‍ശനമാണ് ഋഷഭ് പന്തിന് നേരെ ഉയര്‍ന്നത്.  

കട്ടക്ക് ഏകദിനത്തില്‍ പന്ത് മൂന്ന് ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. പന്ത് നന്നായി ഡ്രോപ്പ് ചെയ്യുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ അദേഹത്തിന് യൂബര്‍ ഡ്രൈവര്‍ ആകാമെന്നും
ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

എന്നാല്‍ പന്തിനെ പിന്തുണച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ രംഗത്തെത്തി. പന്തിന് മുകളില്‍ അനാവശ്യമായ സമ്മര്‍ദങ്ങളുണ്ട്. ഞാന്‍ 22 വയസായിരിക്കുമ്പോള്‍ ഇത്രത്തോളം സമ്മര്‍ദമുണ്ടായിരുന്നില്ല. ഞാന്‍ ബഞ്ചിലാണ് ഇരുന്നിരുന്നത്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കാനായി തയ്യാറെടുക്കുകയായിരുന്നു ആ സമയം. സ്വതന്ത്രമായി കളിക്കാനുള്ള അവസരം പന്തിന് ഒരുക്കണം എന്നും ലാറ പറഞ്ഞു.