90 കളില്‍ മൂന്ന് തവണ പുറത്തായിട്ടുള്ള പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയാണ് പന്ത് ഇന്ന് പിന്നിലാക്കിയത്.

ചെന്നൈ: സെഞ്ചുറിക്കരികില്‍ നില്‍ക്കെ ഒരിക്കല്‍ കൂടി റിഷഭ് പന്തിന് അമിതാവേശം വിനയായി. ഇംഗ്ലണ്ടിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 91 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്തിന്‍റെ പേരില്‍ നിര്‍ഭാഗ്യത്തിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി.

2018ല്‍ ടെസ്റ്റ് അരങ്ങേറ്റത്തിനുശേഷം ഏറ്റവും കൂടുതല്‍ തവണ 90 കളില്‍ പുറത്താവുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഇന്ന് 91 ല്‍ പുറത്തായതോടെ റിഷഭ് പന്തിന്‍റെ പേരിലായാത്. അരങ്ങേറ്റത്തിനുശേഷം നാലാം തവണയാണ് പന്ത് 90കളില്‍ വീഴുന്നത്.

Scroll to load tweet…

90 കളില്‍ മൂന്ന് തവണ പുറത്തായിട്ടുള്ള പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയാണ് പന്ത് ഇന്ന് പിന്നിലാക്കിയത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രാജ്കോട്ടില്‍ 92 റണ്‍സിനും വിന്‍ഡീസിനെതിരെ ഹൈദരാബാദില്‍ 92 റണ്‍സിനും ഈ വര്‍ഷം സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 97 റണ്‍സിനും പുറത്തായ പന്ത് ഇന്ന് ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 91 റണ്‍സില്‍ വീണു.

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ 73/4 എന്ന സ്കോറില്‍ പതറിയപ്പോള്‍ ക്രീസിലെത്തിയ പന്ത് പൂജാരയുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റിയിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 88 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്സും പറത്തിയാണ് 91 റണ്‍സടിച്ചത്. ഇംഗ്ലീഷ് ഇടം കൈയന്‍ സ്പിന്നര്‍ ജാക് ലീച്ചിനെതിരെയാണ് പന്ത് അഞ്ച് സിക്സും നേടിയത്.