കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടില്‍ റിഷഭ് ഒന്നിലേറെ ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു

ബെംഗളൂരു: പരിക്കിന് ശേഷം ഫിറ്റ്‌നസിലേക്ക് ശക്തമായി തിരിച്ചുവരുന്നെങ്കിലും റിഷഭ് പന്തിന്‍റെ വിക്കറ്റ് കീപ്പിംഗ് ഭാവിയില്‍ ആശങ്ക. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിഷഭിന്‍റെ ചികില്‍സ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ 2024ല്‍ അടക്കം റിഷഭിന് വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടില്‍ റിഷഭ് ഒന്നിലേറെ ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. 

'റിഷഭ് പന്ത് അതിവേഗം ഫിറ്റ്‌നസിലേക്ക് തിരിച്ചുവരികയാണ്. എന്നാല്‍ എപ്പോള്‍ വിക്കറ്റ് കീപ്പറായി തുടരാന്‍ കഴിയും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയുക ബുദ്ധിമുട്ടാണ്. പരിശീലനം ആരംഭിച്ച് കഴിഞ്ഞ് മൂന്ന് മാസമോ ആറ് മാസക്കാലയളവോ ഇതിനായി റിഷഭിന് വേണ്ടിവന്നേക്കാം. അതിനെക്കുറിച്ച് വ്യക്തതയില്ല. എന്നാല്‍ റിഷഭിനെ വിക്കറ്റ് കീപ്പിംഗിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സാവധാനമായിരിക്കും. യുവതാരമായ അദേഹത്തിന് ഏറെക്കാലത്തെ ക്രിക്കറ്റ് കരിയര്‍ മുന്നിലുണ്ട്. റിഷഭിനേറ്റ പരിക്കിന്‍റെ സ്വഭാവം വച്ച് ധൃതിപിടിച്ച് ക്രിക്കറ്റിലേക്ക് മടക്കിക്കൊണ്ടുവരിക സാധ്യമല്ല' എന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭിന് കളിക്കാനാകുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. 

ഇതോടെ വരുന്ന ഐപിഎല്‍ സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു വിക്കറ്റ് കീപ്പറെ തേടേണ്ടിവരുമോ എന്ന ആശങ്കയുണ്ട്. റിഷഭിന് പകരം ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനാക്കി എങ്കിലും വിക്കറ്റ് കീപ്പറായി അവസാന നിമിഷം അഭിഷേക് പോരെലിനെ കഴിഞ്ഞ സീസണില്‍ എത്തിക്കുകയാണ് ഫ്രാഞ്ചൈസി ചെയ്‌തത്. സര്‍ഫറാസ് ഖാനെ പരീക്ഷിച്ചെങ്കിലും പരാജയമായി. അവസാനം ഫില്‍ സാള്‍ട്ടിനെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏല്‍പിച്ചെങ്കിലും അത് ടീമിലെ വിദേശ താരങ്ങളുടെ കോംപിനേഷനെ ബാധിച്ചു. 2024 സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ റിഷഭ് പന്തിന് പകരമൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കാനിടയുണ്ട്. ഇതിനൊപ്പം ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിലും മാറ്റമുണ്ടാകും.

Read more: ഇംഗ്ലണ്ടിന് വേണം 257 റണ്‍സ്, ഓസീസ് വീഴ്‌ത്തേണ്ടത് 6 വിക്കറ്റ്; ആഷസ് അവസാനദിനം എന്താകും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News