ലണ്ടന്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ ഉണ്ടാവരുതെനന് എതിരാളികള്‍ പോലും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയുടെ നിര്‍ണായക താരമാണ് ജഡേജ. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ജഡേജ ഇന്ത്യന്‍ ടീമിലുണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സ്വാന്‍ പറഞ്ഞു.

ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ജഡേജക്ക് ഫലപ്രദമായി പന്തെറിയാനാവും. ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൗണ്ടുകളില്‍ പോലും ജഡേജ മികവ് കാട്ടുന്നുണ്ട്. ഓസ്ട്രേലിയയിലാണെങ്കില്‍ വലിയ ഗ്രൗണ്ടുകളാണ്. ചെറിയ ഗ്രൗണ്ടില്‍ ഇത്രത്തോളം മികവോടെ പന്തെറിയാമെങ്കില്‍ വലിയ ഗ്രൗണ്ടില്‍ ഇതിന്റെ ഇരട്ടി മികവ് പുറത്തെടുക്കാനാവും-സ്വാന്‍ പറഞ്ഞു.

ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ ജഡേജ ഇപ്പോള്‍ ഇരു ടീമുകളിലെയും നിര്‍ണായക താരമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യയെ ഒറ്റക്ക് ജയത്തിന് അടുത്തെത്തിച്ച ജഡേജ ടി20 ക്രിക്കറ്റില്‍ നിലവിലെ ബൗളര്‍മാരില്‍ ഏറ്റവും കുറവ് ഇക്കോണമി റേറ്റുള്ള മൂന്നാമത്തെ ബൗളറുമാണ്.

അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്മാന്‍(5.66 ഇക്കോണമി), പാക്കിസ്ഥാന്റെ ഇമാദ് വാസിം(5.81 ഇക്കോണമി) കഴിഞ്ഞാല്‍ ടി20 ക്രിക്കറ്റിലലെ ഏറ്റവും മികച്ച മൂന്നാമത്തെ ഇക്കോണമി റേറ്റ്(6.25) ജഡേജയുടെ പേരിലാണ്.