മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിയുടെ കാലാവധി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. പുതിയ പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്നോട്ടുവന്നവരില്‍ ഇന്ത്യന്‍ മുന്‍ ഫീല്‍ഡിംഗ് കോച്ച് റോബിന്‍ സിംഗുമുണ്ട്. പരിശീലക പോരാട്ടം കടുത്തിരിക്കെ രവി ശാസ്‌ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് റോബിന്‍ സിംഗ്.

'നിലവിലെ പരിശീലകന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് ലോകകപ്പ് സെമി ഫൈനലുകളില്‍ പരാജയപ്പെട്ടു. കഴിഞ്ഞ ടി20 ലോകകപ്പിലും ഇതുതന്നെ സംഭവിച്ചു. 2023 ലോകകപ്പിന് ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയമാണിത്. അതിനാല്‍ പരിശീലക മാറ്റം ടീമിന് ഗുണം ചെയ്യും' എന്നും റോബിന്‍ സിംഗ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റോബിന്‍ 2007 മുതല്‍ രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്നു. 

മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്, അഡ്‌മിനി‌സ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയും കപില്‍ സമിതി തെരഞ്ഞെടുക്കും. കപില്‍ ദേവ് അധ്യക്ഷനായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദും ശാന്ത രംഗസ്വാമിയും അടങ്ങിയ സമിതിയാണ് പരിശീലകരെ തെരഞ്ഞെടുക്കുക.