ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ റിങ്കു സിംഗ് പങ്കെടുത്തിരുന്നില്ല.

ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. കുടുംബത്തിലെ അടിയന്തര സാഹചര്യം മൂലം ഫിനിഷര്‍ റിങ്കു സിംഗ് നാട്ടിലേക്ക് മടങ്ങി. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ റിങ്കു സിംഗ് പങ്കെടുത്തിരുന്നില്ല. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവ് ഖാൻചന്ദ് സിംഗിനെ കാണാനാണ് റിങ്കു നാട്ടിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ.

സൂപ്പർ-8 ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് സെമി പ്രതീക്ഷ നിലനിർത്താൻ സിംബാബ്‌വെയെ തോൽപ്പിക്കേണ്ടത് അനിവാര്യമാണ്. സൂപ്പര്‍ 8ല്‍ ഒരു തോൽവി കൂടി വഴങ്ങിയാൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകും. റിങ്കു സിംഗിന്‍റെ അഭാവത്തിൽ സഞ്ജു സാംസ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ടി20 ലോകകപ്പിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ചെങ്കിലും റിങ്കു സിംഗിന് തന്‍റെ പതിവ് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പില്‍ ഇതുവരെ 29 പന്ത് നേരിട്ട റിങ്കുവിന് 24 റണ്‍സ് മാത്രമാണ് നേടാനായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 188 റൺസ് പിന്തുടരുന്നതിനിടെ എട്ടാം നമ്പറിലിറങ്ങിയ റിങ്കു കേശവ് മഹാരാജിന്റെ പന്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.