ദില്ലി: ക്രീസില്‍ നിന്ന് നടന്നിറങ്ങി ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ സിക്‌സുകള്‍ പായിക്കാന്‍ പേരുകേട്ട താരമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ. എന്നാല്‍ ഉത്തപ്പയ്‌ക്ക് അധികകാലം ടീമില്‍ കസേര ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്‍ പതിമൂന്നാം എഡിഷന് തിരശീലയുയരാനിരിക്കേ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് ആഗ്രഹിക്കുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് ഉത്തപ്പ. 

ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് വീഡിയോയിലൂടെയായിരുന്നു ഉത്തപ്പയുടെ മറുപടി. 'ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് അടക്കമുള്ള നല്ല കാര്യങ്ങള്‍ സംഭവിക്കും എന്നാണ് പ്രതീക്ഷ. കാര്യങ്ങളെ എപ്പോഴും പോസിറ്റീവായി കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. ടീമിലേക്ക് മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനായി കളിക്കുക, മികവ് കാട്ടുക എന്നത് എല്ലാ ക്രിക്കറ്റര്‍മാരുടേയും ആഗ്രഹമാണ്. ആ ആഗ്രഹം ഇപ്പോഴും സജീവമാണ്' എന്നും ഉത്തപ്പ പറഞ്ഞു. 

യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് റോബിന്‍ ഉത്തപ്പ പ്രതിനിധീകരിക്കുക. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്ന് വേദികളിലായാണ് ടൂര്‍ണമെന്‍റ് നടക്കുക. ടീം ഇന്ത്യക്കായി 2006ല്‍ ഏകദിനത്തിലും തൊട്ടടുത്ത വര്‍ഷം ടി20യിലും അരങ്ങേറിയ താരമാണ് റോബിന്‍ ഉത്തപ്പ. 46 ഏകദിനങ്ങളില്‍ 934 റണ്‍സും 13 ടി20കളില്‍ 249 റണ്‍സും നേടി. ഐപിഎല്ലിലാവട്ടെ 177 മത്സരങ്ങളില്‍ നിന്ന് 4411 റണ്‍സ് അടിച്ചെടുത്തു. ഉത്തപ്പ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് 2015ലാണ്. 

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ 2019 ലോകകപ്പ്‌ ഇന്ത്യയിലെത്തിയേനെ; ഗവാസ്‌ക്കറുടെ വാക്കുകളിങ്ങനെ