തിരുവനന്തപുരം: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച റോബിന്‍ ഉത്തപ്പ അടുത്ത അഭ്യന്തര സീസണ്‍ മുതല്‍ കേരളത്തിനായി പാഡ് കെട്ടും. തമിഴ്‌നാട്ടുകാരന്‍ അരുണ്‍ കാര്‍ത്തികിന് പകരമായിട്ടാണ് ഉത്തപ്പ കേരള ടീമിലെത്തുക. ഇക്കാര്യത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും, ഉത്തപ്പയും തമ്മില്‍ ധാരണയിലെത്തി. ഇപ്പോള്‍ കളിച്ചുക്കൊണ്ടിരിക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് എന്‍ഒസി ലഭിക്കുന്നതോടെ താരം ഔദ്യോഗികമായി കേരളത്തിന്റെതാവും. 

കര്‍ണാടകയ്ക്ക് വേണ്ടി 15 വര്‍ഷത്തോളം കളിച്ച ഉത്തപ്പ, 2017-18 സീസണ്‍ മുതല്‍ സൗരാഷ്ട്രയുടെ താരമാണ്. മുമ്പും താരത്തെ ടീമിലെത്തിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമം നടത്തിയിരുന്നു. ഉത്തപ്പയുടെ മൂന്നാമത്തെ അഭ്യന്തര ടീമാണ് കേരളം. ഇത്തവണ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു പാതി മലയാളി കൂടിയായ ഉത്തപ്പ. 

ദേശീയ ടീമിന് വേണ്ടി 46 ഏകദിനങ്ങളും, 13 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007ല്‍ പ്രഥമ ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഉത്തപ്പ.