കൊച്ചി: സീസണില്‍ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമിനെ നയിച്ച സച്ചിന്‍ ബേബിക്ക് പകരമായിട്ടാണ് ഉത്തപ്പ ക്യാപ്റ്റനാകുന്നത്. സച്ചിന്‍ ടീമിന്റെ പനായകനായേക്കും. കഴിഞ്ഞ സീസണില്‍ സൗരാഷ്ട്രയ്ക്കായി കളിച്ച ഉത്തപ്പ ഈ സീസണിലാണ് കേരളത്തിലെത്തുന്നത്. 

സെപ്റ്റംബറില്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് ഉത്തപ്പ നായകനായി അരങ്ങേറുക. പിന്നാലെ വരുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും ഉത്തപ്പ ടീമിനെ നയിക്കും. എന്നാല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്താണ് ഉത്തപ്പയെ നായകനാക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു രഞ്ജിയില്‍ കേരളം പുറത്തെടുത്തത്. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ആ മികവ് കാണാനായില്ല. മാറ്റത്തിന് പിന്നിലെ കാരണങ്ങളും ഇത് തന്നെയാണെന്നാണ് കരുതുന്നത്.