സ്റ്റാര്‍ ബാറ്റ്സ്മാൻ ഡേവിഡ് മില്ലറുടെ അപ്രതീക്ഷിത പുറത്താകലാണ് പ്രൊട്ടീസിനെ പൊരുതുക പോലും ചെയ്യാത്ത തോൽവിയിലേക്ക് തള്ളിവിട്ടത്.

അഡലെയ്ഡ്: നെതർലൻഡ്സിനെതിരെയുള്ള അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ ദക്ഷിണാഫ്രിക്ക. ബാറ്റിങ് നിരയും ബൗളിങ് നിരയും തീർത്തും പരാജയപ്പെട്ടതോടെയാണ് ലോകോത്തര ടീമായ ദക്ഷിണാഫ്രിക്ക സെമിഫൈനലിന്റെ പടിക്കൽ കലമുടച്ച് ലോകകപ്പിൽ നിന്ന് പുറത്തുപോകുന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലറുടെ അപ്രതീക്ഷിത പുറത്താകലാണ് പ്രൊട്ടീസിനെ പൊരുതുക പോലും ചെയ്യാത്ത തോൽവിയിലേക്ക് തള്ളിവിട്ടത്. മുൻനിര ബാറ്റ്സ്മാന്മാർ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ എല്ലാവരുടെയും കണ്ണുകൾ മില്ലറുടെ ബാറ്റിലേക്കായിരുന്നു.

നാല് വിക്കറ്റിന് 90 എന്ന നിലയിലാണ് മില്ലർ ക്രീസിൽ എത്തിയത്. പതിവിന് വിപരീതമായി ക്രീസിൽ പിടിച്ചുനിന്ന് സിം​ഗിളുകളും ഡബിളും എടുത്തായിരുന്നു മില്ലർ സ്കോറുയർത്തിയത്. ബ്രെൻഡൻ ​ഗ്ലോവർ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പുൾഷോട്ടിന് ശ്രമിച്ച മില്ലറുടെ ഷോട്ട് ഫൈൻ ലെ​ഗിലേക്ക് ഉയർത്തുപൊങ്ങി. പിന്നിലേക്ക് തിരിഞ്ഞോടി റോളോഫ് വാൻഡർ മെർവി പന്ത് നിലംതൊടും മുമ്പേ മനോഹരമായി കൈക്കലാക്കി. 17 പന്തിൽ ഒരു ഫോർ മാത്രമടിച്ച് 17 റൺസായിരുന്നു മില്ലറുടെ സ്കോർ. മില്ലർ പുറത്താകുന്നത് തലയിൽ കൈവെച്ച് അവിശ്വസനീയതോടെയാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ കണ്ടുനിന്നത്. മില്ലർ പുറത്തായതിന് ശേഷം നെതർലൻഡ്സിന് കാര്യങ്ങൾ എളുപ്പമായി. 

Scroll to load tweet…

സെമിയുടെ പടിക്കൽവെച്ചാണ് ദക്ഷിണാഫ്രിക്ക കലമുടച്ചത്. സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സാണ് പ്രോട്ടീസിനെ 13 റണ്‍സിന് വീഴ്‌ത്തിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. ടീം 20 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്തു. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41* റണ്‍സെടുത്തും ക്യാപ്റ്റന്‍ സ്കോട്‌ എഡ്‌വേഡ്‌സ് 7 പന്തില്‍ 12* റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്.