മുംബൈ: ഇടക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വെവ്വേറെ ക്യാപ്റ്റന്‍മാര്‍ വേണമെന്ന ചര്‍ച്ച വന്നിരുന്നു. ടെസ്റ്റില്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയും ക്യാപ്റ്റനാവണമെന്നായിരുന്നു വാദം. പിന്നീട് ആ വാദം എതിര്‍ക്കപ്പെടുകയും കോലി നായക സ്ഥാനത്ത് തുടരുകയു ചെയ്തു. ഇപ്പോഴിതാ ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍.

ഐപിഎല്ലില്‍ കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിച്ച താരമാണ് ആന്‍ഡേഴ്‌സണ്‍. ഇരുവരും ഒരുപോലെ മികച്ച ക്യാപ്റ്റന്മാരാണെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. താരം തുടര്‍ന്നു... ''രോഹിത് വളരെ വികാരധീനനായ ക്യാപ്റ്റനാണ്. എന്നാല്‍ അവ അമിതമായി അദ്ദേഹം പുറത്തുകാണിക്കില്ല. എപ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ കോലി അങ്ങനെയല്ല. 

ജഴ്സിക്കുള്ളില്‍ ഹൃദയം വച്ചാണ് അദ്ദേഹം കളിക്കുന്നത്. അതുകൊണ്ടു തന്നെ കളിക്കളത്തില്‍ വികാരപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ ആന്‍ഡേഴ്ന്‍ വിശദമാക്കി. വളരെ തന്ത്രശാലികള്‍ കൂടിയാണ് ഇരുവരും. മത്സരത്തെ കൃത്യമായി വിലയിരുത്തുന്നതിനൊപ്പം എങ്ങനെ ജയിക്കണമെന്നും ഇവര്‍ക്കു നന്നായി അറിയാം.''

കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോള്‍ തന്റെ റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്.  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടങ്ങളിലേക്കും നയിച്ചു. എന്നാല്‍ കോലിക്ക് കീഴില്‍ ആര്‍സിബിക്ക് ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല.