മുംബൈ: ഐസിസി മുന്നോട്ടുവെച്ച ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെ ചൊല്ലി ക്രിക്കറ്റ് ലോകം രണ്ടായിപിരിഞ്ഞിരിക്കുകയാണ്. ടെസ്റ്റ് ദിനങ്ങള്‍ ചുരുക്കുന്നതിനെ പിന്തുണച്ചും വിമര്‍ശിച്ചും ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ഈ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.

"നാല് ദിവസമാണെങ്കില്‍ അത് ടെസ്റ്റ് മത്സരമല്ല, ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ്" എന്നായിരുന്നു ഹിറ്റ്‌മാന്‍റെ മറുപടി. വിഷയത്തില്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് രോഹിത്തിന്‍‍റെ പ്രതികരണം. 

ഐസിസിക്ക് ബ്ലോക്കിട്ട് കോലി, ബിസിസിഐ നിലപാട് ഉടന്‍

ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടി20ക്ക് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരേസമയം ഒന്നിലധികം പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് തിരിച്ചടിയാകും എന്നാണ് കോലിയുടെ പ്രതികരണം. താന്‍ ചതുര്‍ദിന ടെസ്റ്റിന്‍റെ ആരാധകനല്ലെന്നും ഈ പോക്കുപോയാല്‍ ഭാവിയില്‍ ത്രിദിന ടെസ്റ്റ് എന്ന ആശയം ഉള്‍ത്തിരിഞ്ഞേക്കും എന്ന ആശങ്കയും കോലി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയും കോലിയുടെ അതേ നിലപാടാണ് സ്വീകരിച്ചത്. നാലുദിന ടെസ്റ്റ് വിഡ്ഢിത്തമാകുമെന്നും ശാസ്‌ത്രി പറഞ്ഞു.

ചതുര്‍ദിന ടെസ്റ്റിനെ കുറിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ഗ്ലെന്‍ മഗ്രാത്ത്, മൈക്കല്‍ വോണ്‍ തുടങ്ങി അനവധി ഇതിഹാസ താരങ്ങളും വിവിധ ക്രിക്കറ്റ് ബോര്‍ഡുകളും നിലപാട് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും നിര്‍ദേശത്തെ പിന്തുണച്ചപ്പോള്‍ ബിസിസിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലീഷ്-ഓസ്‌ട്രേലിയന്‍ ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്താവും ബിസിസിഐ തീരുമാനമെടുക്കുക. എന്നാല്‍ സച്ചിനും പോണ്ടിംഗും മഗ്രാത്തും അടക്കമുള്ളവര്‍ ഐസിസി നീക്കത്തെ എതിര്‍ത്തു. 

ചര്‍ച്ച ചെയ്യാന്‍ ക്രിക്കറ്റ് കമ്മിറ്റിയും 

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന നിര്‍ദേശം ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചയ്‌ക്കെടുക്കും. ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ അനിൽ കുംബ്ലെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ താരങ്ങളായ ആന്‍ഡ്രൂ സ്‌ട്രോസ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, ഷോണ്‍ പൊള്ളാക്ക് എന്നിവരും ക്രിക്കറ്റ് കമ്മിറ്റിയില്‍ അംഗങ്ങളാണ്.