മുംബൈ: ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയെ വീണ്ടും കാണാനാകുമോ, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമോ ?. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം ആരാധകര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യങ്ങളാണിത്. ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ റണ്ണൗട്ടായി തലകുനിച്ച് മടങ്ങുന്ന ധോണിയെ ആണ് ആരാധകര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം കണ്ടത്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹര്‍ഭജനും രോഹിത് ശര്‍മയും തമ്മിലുള്ള സംഭാഷണത്തിനിടെ ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമോ എന്ന ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി.

ഇവര്‍ക്ക് രോഹിത് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ധോണി ക്രിക്കറ്റ് കളിക്കാത്തപ്പോള്‍ അദ്ദേഹം എപ്പോഴും പരിധിക്ക് പുറത്താണ്. അദ്ദേഹം അണ്ടര്‍ ഗ്രൗണ്ടിലായിരിക്കും. ധോണി വീണ്ടും കളിക്കുമോ എന്നതിനെക്കുറിച്ച് ആര്‍ക്കാണ് അറിയേണ്ടത് എന്നുവെച്ചാല്‍ അവര്‍ നേരിട്ടുപോയി ചോദിക്കുന്നതാവും നല്ലത്. റാഞ്ചിയിലാണ് അദ്ദേഹം താമസിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ, കാറോ, ബൈക്കോ, ഫ്ലൈറ്റോ പിടിച്ച് റാഞ്ചിയില്‍ പോയി അദ്ദേഹത്തിനോട് തന്നെ ചോദിക്കുന്നതാണ് നല്ലത്.

Also Read: ഇന്ത്യന്‍ കുപ്പായത്തില്‍ ഒരേയൊരു മത്സരം; പിന്നീട് ഇതുവരെ അവസരം ലഭിക്കാത്ത 5 താരങ്ങള്‍

പക്ഷെ ഇപ്പോള്‍ ലോക്ക് ഡൗണായതുകൊണ്ട് ആര്‍ക്കും പോവാന്‍ പറ്റില. ധോണിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. അദ്ദേഹത്തെക്കുറിച്ച് ഒരു വാര്‍ത്തയും ഞങ്ങള്‍ അറിയാറില്ല. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അദ്ദേഹം അവസാന മത്സരം കളിച്ചത്. അതിനുശേഷം ഒന്നും കേട്ടിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല-രോഹിത് പറ‍ഞ്ഞു.

അതേസമയം, ധോണി വീണ്ടും ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഐപിഎല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ധോണിയും ഉണ്ടായിരുന്നു അവിടെ. നിരവധിയാളുകള്‍ ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമോ എന്നും ടി20 ലോകകപ്പ് ടീമിലുണ്ടാകുമോ എന്നും എന്നോടും ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്കറിയില്ല. ധോണി എന്ത് തീരുമാനിച്ചാലും അത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. എന്തായാലും ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം 100 ശതമാനം സന്നദ്ധനാണ്. എന്നാല്‍ ഇന്ത്യക്കായി കളിക്കാന്‍ തയാറാണോ എന്ന് അറിയില്ല.

Also Read: കായിക ക്ഷമത തെളിയിക്കാന്‍ മറ്റൊരു പദ്ധതിയുമായി ധോണി

എനിക്കു തോന്നുന്നത് അദ്ദേഹം ഇനി ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തയാറല്ലെന്നാണ്. കാരണം ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ ധോണി കളിച്ചു കഴിഞ്ഞു. എനിക്കറിയാവുന്നിടത്തോളം ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി ധോണിയെ കാണാനാവില്ല. ഏകദിന ലോകകപ്പിലെ അവസാന മത്സരമായിരുന്നു ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ അവസാന മത്സരമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. മറ്റ് ചിലരും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.