ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സഖ്യമായിരിക്കുകയാണ് ഇരുവരും. 14 തവണ ഇരുവരും 50 കടന്നിട്ടുണ്ട്.
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ വെടിക്കെട്ട് തുടക്കമാണ് കെ എല്‍ രാഹുല്‍- രോഹിത് ശര്‍മ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും 28 റണ്‍സ് നേടി മടങ്ങി. സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹാരിസ് റൗഫിന്റെ പന്തില്‍ ഖുഷ്ദിലിന് ക്യാച്ച് നല്‍കി രോഹിത്താണ് ആദ്യം മടങ്ങുന്നത്. പിന്നാലെ ഷദാബ് ഖാന്റെ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കി രാഹുല്‍ പുറത്തായി.
ഇരുവരും അല്‍പനേരം മാത്രമെ ക്രീസില്‍ നിന്നൊള്ളുവെങ്കിലും അതൊരു റെക്കോര്‍ഡായിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സഖ്യമായിരിക്കുകയാണ് ഇരുവരും. 14 തവണ ഇരുവരും 50 കടന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ഓപ്പണിംഗ് ജോഡിയെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.
ഇരുവരുടേയും റെക്കോര്‍ഡോടെ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്‍- പോള്‍ സ്റ്റിര്‍ലിംഗ് (13) സഖ്യം രണ്ടാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്ത് മൂന്ന് കൂട്ടുകെട്ടുകളുണ്ട്. അയര്‍ലന്‍ഡിന്റെ തന്നെ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി- സ്റ്റിര്‍ലിംഗ് സഖ്യമാണ് അതിലൊന്ന്. സ്‌കോട്‌ലന്‍ഡിന്റെ കോട്‌സര്‍- മണ്‍സി സഖ്യവും ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍- കെയ്ന്‍ വില്യംസണ്‍ സഖ്യവും മൂന്നാമതുണ്ട്. 12 തവണ ഇവര്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 44 പന്തില്‍ 60 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (28), രോഹിത് ശര്‍മ (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഷദാബ് ഖാന്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.
പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.
