Asianet News MalayalamAsianet News Malayalam

അക്കാര്യം ഗാംഗുലിക്ക് മറക്കാം! ഇത് രോഹിത്തിന്‍റെ ഇന്ത്യ; ലോകകപ്പ് തുടര്‍ വിജയങ്ങളില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്

ബാറ്റെടുത്തവരെല്ലാം തകര്‍ത്തടിച്ചു. രോഹിത്തും ഗില്ലും ഒന്നാം വിക്കറ്റില്‍ നല്‍കിയത് സെഞ്ച്വറിക്കൂട്ടുകെട്ട്. അര്‍ധ സെഞ്ച്വറി നേടി ഓപ്പണര്‍മാരും വിരാട് കോലിയും പവലിയനിലെത്തിയപ്പോള്‍ സെഞ്ച്വറിത്തിളക്കത്തോടെ ടീമിനെ 400 കടത്തി ശ്രേയസും കെ എല്‍ രാഹുലും.

Rohit Sharma and team india creates history after win against Netherlands
Author
First Published Nov 12, 2023, 11:50 PM IST

ബംഗളൂരു: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് 9 തുടര്‍ജയങ്ങള്‍. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തകര്‍ത്തു. ഇന്ത്യയുടെ 410 റണ്‍സ് പിന്തുര്‍ന്ന നെതര്‍ലന്‍ഡ്‌സ് 250ന് പുറത്തായി. ഇന്ത്യന്‍ സര്‍വാധിപത്യം. നെതര്‍ലന്‍ഡ്‌സിനെ ആദ്യം അടിച്ചൊതുക്കിയും, പിന്നെ എറിഞ്ഞിട്ടും രോഹിതിനും സംഘത്തിനും ചരിത്രജയം. ചിന്നസ്വാമിയില്‍ ബാറ്റിംഗ് വെടിക്കെട്ട് കൊണ്ടാണ് ഇന്ത്യ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

ബാറ്റെടുത്തവരെല്ലാം തകര്‍ത്തടിച്ചു. രോഹിത്തും ഗില്ലും ഒന്നാം വിക്കറ്റില്‍ നല്‍കിയത് സെഞ്ച്വറിക്കൂട്ടുകെട്ട്. അര്‍ധ സെഞ്ച്വറി നേടി ഓപ്പണര്‍മാരും വിരാട് കോലിയും പവലിയനിലെത്തിയപ്പോള്‍ സെഞ്ച്വറിത്തിളക്കത്തോടെ ടീമിനെ 400 കടത്തി ശ്രേയസും കെ എല്‍ രാഹുലും. ശ്രേയസ് പുറത്താവാതെ 128 റണ്‍സും രാഹുല്‍ 102 റണ്‍സും നേടി. ലോകകപ്പിലെ ഒരു ഇന്നിംഗ്‌സില്‍ ആദ്യ അഞ്ച് ബാറ്റര്‍മാരും അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ചരിത്രത്തിലാദ്യം.

411 എന്ന റണ്‍മല താണ്ടാന്‍ ബാറ്റെടുത്ത ഓറഞ്ച് പട ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. രോഹിത്തും കോലിയും ഗില്ലും സൂര്യകുമാര്‍ യാദവുമടക്കം പന്തെറിഞ്ഞതില്‍ നിന്ന് തന്നെ വ്യക്തം ഇന്ത്യയുടെ ആത്മവിശ്വാസം. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട്  വിക്കറ്റ് വീതം നേടിയപ്പോള്‍ കോലിയും രോഹിത്തും ഓരോ വിക്കറ്റ് വീഴ്ത്തി പട്ടികയില്‍ ഇടംപിടിച്ചു. നാല്‍പ്പത്തിയെട്ടാം ഓവറില്‍ 250ല്‍ ഓറഞ്ചുപട മുട്ടുകുത്തി.

പരാജയത്തിന്റെ ഭാരം കുറയ്ക്കാനായെന്നതില്‍ ഡച്ച് ടീമിന് ആശ്വാസം. 2003ല്‍ സൗരവ് ഗാംഗുലിയുടെ ടീം നേടിയ എട്ട് തുടര്‍ജയങ്ങളുടെ റെക്കോര്‍ഡ് മാറ്റിയെഴുതിയാണ് രോഹിത്തും സംഘവും കിവീസിനെ നേരിടാന്‍ മുംബൈയിലേക്ക് വണ്ടികയറിയത്. ബുധനാഴ്ച്ച വാംഖഡെയിലാണ് ഇന്ത്യ - ന്യൂസിലന്‍ഡ് പോരാട്ടം.

സൂര്യകുമാറിന് അടികൊടുത്താണ് ശീലം! തിരിച്ചുകിട്ടിയപ്പോള്‍ നന്നായിട്ട് വേദനിച്ചു, മുഖഭാവം അത് പറയും - വീഡിയോ

Follow Us:
Download App:
  • android
  • ios