ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ച് മത്സര ടി20 പരമ്പരയിൽ 3-0ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യ ഇന്ന് വിശാഖപട്ടണത്ത് നാലാം മത്സരത്തിന് ഇറങ്ങുന്നു.
വിശാഖപട്ടണം: ഇന്ത്യ - ന്യൂസിലന്‍ഡ് നാലാം ട്വന്റി 20 ഇന്ന്. വിശാഖപട്ടണത്ത് വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. പരമ്പര നേടിക്കഴിഞ്ഞ ടീം ഇന്ത്യ ഉറ്റു നോക്കുന്നത് സഞ്ജു സാംസണിന്റെ ബാറ്റിലേക്ക്. പ്രതിഭയും സാങ്കേതിക തികവും ആക്രമണോത്സുകതയുമുള്ള മലയാളിതാരത്തിന് പരമ്പരയില്‍ നേടാനായത് 16 റണ്‍സ് മാത്രം. ലോകകപ്പിന് മുന്‍പ് ഫോമിലേക്ക് തിരികെ എത്തേണ്ടത് സഞ്ജുവിനും ഇന്ത്യക്കും അനിവാര്യം.
കിട്ടുന്ന അവസരങ്ങള്‍ സഞ്ജു ഇനിയും പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ടീം മാനേജ്‌മെന്റിന് അവസരം കാത്തിരിക്കുന്ന ഇഷാന്‍ കിഷനെ പരിഗണിക്കേണ്ടിവരും. നിര്‍ദയം എതിരാളികളെ തച്ച് തകര്‍ക്കുന്ന അഭിഷേക് ശര്‍മ്മ ക്രീസിലുറച്ചാല്‍ വിശാഖപട്ടണത്തും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. മൂന്നാമനായി ഇഷാന്‍ കിഷനും വിശ്വസ്തന്‍. നായകന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഹാര്‍ദിക് പണ്ഡ്യ, ശിവം ദുബേ, റിങ്കു സിംഗ് എന്നിവര്‍ സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗം നല്‍കാന്‍ ശേഷിയുള്ളവര്‍.
ജസ്പ്രീത് ബുമ്രയ്ക്കും രവി ബിഷ്‌ണോയ്ക്കും പകരം അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും ഇലവനിലെത്തിയേക്കും. പരമ്പയിലെ ആദ്യ ജയം തേടുന്ന കിവീസിന് യിംസ് നീഷവും ലോക്കി ഫെര്‍ഗ്യൂസനും തിരിച്ചെത്തുന്നത് കരുത്താവും. ഇതോടെ കെയ്ല്‍ ജെയ്മിസനും ജേക്കബ് ഡഫിയും പുറത്തിരിക്കേണ്ടിവരും. റണ്ണൊഴുകുന്ന വിശാഖപട്ടണത്തെ അവസാന ട്വന്റി 20യില്‍ ഓസ്‌ട്രേലിയുടെ 208 റണ്‍സ് ഇന്ത്യ ഒരു പന്ത് ശേഷിക്കേ മറികടന്നിരുന്നു.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര.

