2023ലെ ഏകദിന ലോകകപ്പില്‍ പുറത്തെടുത്ത ആക്രമണ ശൈലി തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും രോഹിത് കാഴ്ചവെക്കുക എന്നതിന്‍റെ സൂചന കൂടിയായി ക്യാപ്റ്റന്‍റെ ബാറ്റിംഗ് പരിശീലനം.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരില്‍ നടക്കാനിരിക്കെ നെറ്റ്സില്‍ തകര്‍ത്തടിച്ച് വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശര്‍മയും. ഇരുവരുടെയും പരിശീലന വീഡിയോ ബിസിസിഐ ആണ് പങ്കുവെച്ചത്. പഞ്ചും ഫ്ലിക്കും, പുള്ളും സ്വീപ്പും റിവേഴ്സ് സ്വീപ്പും ഫ്രണ്ട് ഫൂട്ടിലെ ലോഫ്റ്റഡ് ഷോട്ടുമടക്കം എല്ലാം ഇരുവരും പരീക്ഷിച്ചു. 2023ലെ ഏകദിന ലോകകപ്പില്‍ പുറത്തെടുത്ത ആക്രമണ ശൈലി തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും രോഹിത് കാഴ്ചവെക്കുക എന്നതിന്‍റെ സൂചന കൂടിയായി ക്യാപ്റ്റന്‍റെ ബാറ്റിംഗ് പരിശീലനം.
മറുവശത്ത് വിരാട് കോലിയാകട്ടെ തന്‍റെ പതിവ് ഡ്രൈവുകളും പുള്‍ ഷോട്ടുകളുമായാണ് പരീശീലനം നടത്തിയത്. 2023ലെ ഏകദിന ലോകകപ്പിനുശേഷം ആറ് ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. സമീപകാലത്ത് ടെസ്റ്റില്‍ മോശം ഫോമിലുള്ള കോലിക്കും രോഹിത്തിനും ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്. 2013ൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിലും രോഹിത്തും കോലിയും കളിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം; ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി
ആ ടൂര്‍ണമെന്‍റിലാണ് രോഹിത് ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പാക്കുന്നത്. അതിനുശേഷം ഏകദിന കരിയറില്‍ രോഹിത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ സമീപകാലത്ത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലായിരുന്ന ഇരുവരുടെയും ടീമിലെ സ്ഥാനം തന്നെ വലിയ പ്രതിസന്ധിയിലാണ്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡർ-ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സിൽ നിന്ന് 31 റണ്‍സ് മാത്രമാണ് ക്യാപ്റ്റൻ രോഹിത് ശര്‍മ നേടിയത്. വിരാട് കോലി ഒരു സെഞ്ചുറി അടക്കം 190 റണ്‍സടിച്ചെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വെച്ച് പുറത്താവുന്നത് സ്ഥിരമായത് വലിയ തിരിച്ചടിയാകുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും തിളങ്ങാനായില്ലെങ്കില്‍ തലമുറ മാറ്റത്തിന്‍റെ ഭാഗമായി ഇന്ത്യൻ ടീമിലെ ഇരുവരുടെയും സ്ഥാനം ചോദ്യം ചെയ്യപ്പെടും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് വര്‍ഷങ്ങള്‍ക്കുശേഷം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറായെങ്കിലും ഇരുവര്‍ക്കും തിളങ്ങാനായിരുന്നില്ല. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഇറങ്ങിയ രോഹിത് മൂന്നും 28ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ റെയില്‍വേസിനെതിരെ കളിച്ച കോലി ആറ് റണ്‍സ് മാത്രമെടുത്ത് ക്ലീന്‍ ബൗള്‍ഡായി പുറത്തായി. യുവതാരങ്ങളുമായി ടി20 പരമ്പരയില്‍ 4-1ന്‍റെ വിജയം നേടിയ ഇന്ത്യ രോഹിത്തിന് കീഴില്‍ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.
