ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്‌ഗ് ബ്രാത്‌വെയ്റ്റ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്‌ടമാകാതെ 100 റണ്‍സ് പിന്നിട്ടു. നായകന്‍ രോഹിത് ശര്‍മ്മയും സഹഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഫിഫ്റ്റി പിന്നിട്ടു. ഒന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ 21-ാം ഓവറിലാണ് ടീം ഇന്ത്യ നൂറ് റണ്‍സ് പിന്നിട്ടത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ 118/0 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 62* ഉം, യശസ്വി 50* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.
ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്‌ഗ് ബ്രാത്‌വെയ്റ്റ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് പേസർ ഷര്‍ദുല്‍ ഠാക്കൂറിനെ മാറ്റിനിര്‍ത്തിയപ്പോള്‍ മുകേഷ് കുമാര്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റം വരുത്തിയപ്പോള്‍ കിര്‍ക്ക് മെക്കന്‍സി വിന്‍ഡീസ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. ഷാനോന്‍ ഗബ്രിയേലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. റെയ്‌മേന്‍ റീഫര്‍, റഖീം കോണ്‍വാള്‍ എന്നിവരാണ് പുറത്തായത്. ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 141 റണ്‍സിനും വിജയിച്ച ഇന്ത്യ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്‌കട്ട്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ക്രെയ്‌ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, കിര്‍ക്ക് മക്കന്‍സി, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക് അതനാസെ, ജോഷ്വ ഡി സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍, ഷാനോന്‍ ഗബ്രിയേല്‍.
