മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. വിവിധ റിലീഫ് ഫണ്ടുകളിലേക്കായി 80 ലക്ഷം രൂപയാണ് ഹിറ്റ്മാന്‍ നല്‍കിയത്. തുക കൈമാറിയ വിവരം രോഹിത് ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കാണ് നല്‍കിയത്. 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് നല്‍കി. ലോക്ക്ഡൗണായ ശേഷം പട്ടിണി അനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. മറ്റൊരു അഞ്ച് ലക്ഷം തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായും സംഭാവന ചെയ്തു. 

ഹിറ്റ്മാന്‍ ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''രാജ്യം മുമ്പത്തേതുപോലെ ആകേണ്ടത് നമ്മുടെ ആവശ്യമാണ്. പഴയസ്ഥിതിയിലേക്ക് കൊണ്ടുപോവേണ്ടതിന്റെ ഉത്തരവാദിത്തം നമുക്കാണ്.  പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ഫീഡിങ് ഇന്ത്യ ക്യാംപെയിന് അഞ്ച് ലക്ഷവും തെരുവുനായ്ക്കളുടെ ക്ഷേമത്തിന് അഞ്ച് ലക്ഷവും നല്‍കി ഞാന്‍ എന്റെ എളിയ ദൗത്യം നിര്‍വഹിക്കുന്നു. നമ്മുടെ നേതാക്കള്‍ക്കു പിന്നില്‍ ഒന്നായി അണിനിരന്ന് അവരെ പിന്തുണയ്ക്കാം.'' രോഹിത് പറഞ്ഞുനിര്‍ത്തി.

നിരവധി കായിക താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും മൂന്ന് കോടിയോളം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (50 ലക്ഷം), സുരേഷ് റെയ്‌ന (52 ലക്ഷം), അജിന്‍ക്യ രഹാനെ (10 ലക്ഷം) തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരങ്ങള്‍. ധോണി എന്‍ജിഒ വഴി ഒരു ലക്ഷം നല്‍കി. പഠാന്‍ സഹോദന്മാര്‍ 4000 മാസ്‌കുകളും സംഭാവന ചെയ്തു. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ ബിസിസിഐ 51 കോടി കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.