സിഡ്നി: ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മ സിഡ്‌നിയില്‍ 26 റൺസിന് പുറത്തായെങ്കിലും മറ്റൊരു റെക്കോർഡ് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പറത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് സിഡ്‌നിയില്‍ രോഹിത് സ്വന്തമാക്കിയത്.

ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ ലോംഗ് ഓഫിന് മുകളിലൂടെ സിക്‌സ് പറത്തിയാണ് രോഹിത് നേട്ടത്തിലേക്ക് എത്തിയത്. 77 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് രോഹിത് 26 റൺസെടുത്തത്.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 63 സിക്‌സ് ആണ് രോഹിത് നേടിയത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇത്രയും സിക്‌സുകള്‍ നേടിയ ഏക താരവും രോഹിത് തന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും രോഹിത്തിന്‍റെ പേരിലാണ്. 424 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്.

എന്നാല്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ക്രിസ് ഗെയ്‌ലാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരെ വിവിധ ഫോര്‍മാറ്റുകളിലായി 140 സിക്സുകളാണ് ഇംഗ്ലണ്ടിനെതിരെ ഗെയ്ല്‍ നേടിയിട്ടുള്ളത്.