24 വര്‍ഷം നീണ്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രാജ്യാന്തര കരിയറിലെ റെക്കോര്‍ഡിനരികെ രോഹിത് ശ‍ര്‍മ്മ, എന്നാല്‍ വിരാട് കോലിയെ മറികടക്കുക എളുപ്പമല്ല 

വിശാഖപട്ടണം: ഇംഗ്ലണ്ടിനെ വിശാഖപട്ടണം വേദിയായ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെടുത്തിയതോടെ വ്യക്തിഗത നേട്ടത്തില്‍ ഒരുപടി കൂടി ഉയര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സര വിജയങ്ങളുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരമായ രോഹിത്തിന്‍റെ ജയങ്ങളുടെ എണ്ണം 296ലെത്തി. സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഭീഷണിയായാണ് രോഹിത് കുതിക്കുന്നത്. അതേസമയം പട്ടികയില്‍ തലപ്പത്തുള്ള വിരാട് കോലിയെ ഹിറ്റ്‌മാന് മറികടക്കുക വലിയ പ്രയാസവുമാകും. 

രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും രോഹിത് ശര്‍മ്മയുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ കഴിഞ്ഞിട്ടില്ല എന്നാണ് ആരാധകപക്ഷം. 2024ലെ ട്വന്‍റി 20 ലോകകപ്പിന് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് വിടപറഞ്ഞാലും രോഹിത് ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ തുടര്‍ന്നും കളിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു. നിലവില്‍ രാജ്യാന്തര കരിയറില്‍ രോഹിത് ശര്‍മ്മ കളിച്ച 296 മത്സരങ്ങളിലാണ് ടീം ഇന്ത്യ വിജയിച്ചത്. ടീം ഇന്ത്യക്കൊപ്പം ഏറ്റവും കൂടുതല്‍ വിജയമുള്ള താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഹിറ്റ്മാന്‍. 313 ജയങ്ങളുമായി കിംഗ് വിരാട് കോലിയും 307 വിജയങ്ങളുമായി സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ആദ്യ രണ്ട് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. 

ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് മൂന്ന് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ജൂണ്‍ അഞ്ച് മുതല്‍ ട്വന്‍റി 20 ലോകകപ്പില്‍ കിരീടം തേടി ഇന്ത്യന്‍ ടീം ഇറങ്ങും. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യക്ക് നാല് മത്സരങ്ങളുണ്ട്. അയര്‍ലന്‍ഡും പാകിസ്ഥാനും അമേരിക്കയും കാനഡയുമാണ് ഗ്രൂപ്പ് എയില്‍ ടീം ഇന്ത്യക്ക് എതിരാളികള്‍. ലോകകപ്പില്‍ പ്ലേഓഫ് ഘട്ടവും കളിച്ച് അതിന് ശേഷം ടീം ഇന്ത്യക്കായി കുറച്ച് വിജയങ്ങളും നേടിയാല്‍ സച്ചിനെ മറികടക്കുക രോഹിത്തിന് വെല്ലുവിളിയാവില്ല. എന്നാല്‍ എല്ലാം ട്വന്‍റി 20 ലോകകപ്പിലെ രോഹിത്തിന്‍റെയും ടീം ഇന്ത്യയുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കും.

Read more: തീരാതെ അനിശ്ചിതത്വം, വിരാട് കോലി മൂന്നാം ടെസ്റ്റ് കളിക്കുമോ; മൗനം വെടിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം