വിരാട് കോലി ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി വിരാട് കോലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ സ്റ്റാര്‍ ബാറ്റര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ 'വിരുഷ്‌ക' തയ്യാറെടുക്കുന്നതാണ് കോലിയുടെ അവധിക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 15ന് ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ കോലി ഇന്ത്യന്‍ ടീമിനൊപ്പം കാണുമോ. ഈ ചോദ്യത്തിന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉത്തരം നല്‍കിയിരിക്കുകയാണ്. 

'മൂന്നാം ടെസ്റ്റില്‍ വിരാട് കോലിയുണ്ടാകുമേ എന്ന് സെലക്ടര്‍മാരോട് ചോദിക്കുന്നതാണ് ഏറ്റവും ഉചിതം. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡിനെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും എന്നതിനാല്‍ സെലക്ടര്‍മാരാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഉചിതര്‍. കോലിയുമായി സംസാരിച്ച ശേഷം താരത്തിന്‍റെ ലഭ്യതയെ കുറിച്ച് നിഗമനത്തിലെത്തും' എന്നുമാണ് വിശാഖപട്ടണത്തെ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം. 

അതേസമയം വിരാട് കോലി മൂന്നാം ടെസ്റ്റിനുണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 'മൂന്നാം ടെസ്റ്റിന് തയ്യാറാണ് എന്ന് വിരാട് ഇതുവരെ അറിയിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകളുടെ കാര്യം മാത്രമേ അദേഹം അറിയിച്ചിട്ടുള്ളൂ. വിരാട് കോലി പറയാതെ അദേഹത്തെ സെലക്ഷന് പരിഗണിക്കാന്‍ കഴിയില്ലല്ലോ. മൂന്നാം ടെസ്റ്റിന് വിരാട് കോലിയുണ്ടാകുമോ എന്ന കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തതയുണ്ടാവും' എന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍ഡൈസ് സ്പോര്‍ടിനോട് പറഞ്ഞു. ഹൈദരാബാദ് വേദിയായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 28 റണ്‍സിനും വിശാഖപട്ടണത്തെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിനും വിജയിച്ചതോടെ നിലവില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 1-1ന് തുല്യതയിലാണ്.

Read more: രഞ്ജിയില്‍ ഏകദിന ശൈലിയില്‍ ബാറ്റിംഗ്, പക്ഷേ ഈ കളിയൊന്നും പോരാ സഞ്ജു സാംസണ്‍! ആ വഴിയും അടഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം