അഡ്‌ലെയ്‌ഡ്: ടെസ്റ്റില്‍ ഒരിന്നിംഗ്‌സിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ്(400*) തകരുമെന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച നിമിഷങ്ങള്‍. അഡ്‌ലെയ്‌ഡിലെ പിങ്ക് ടെസ്റ്റില്‍ പാക് ബൗളര്‍മാരെ കശാപ്പുചെയ്ത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കുതിക്കുമ്പോള്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ടിം പെയ്‌നിന്‍റെ തീരുമാനം ആ പ്രതീക്ഷകളില്‍ വമ്പന്‍ ട്വിസ്റ്റുണ്ടാക്കി.

ക്രിക്കറ്റ് ലോകത്തിന്‍റെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ലാറയുടെ റെക്കോര്‍ഡിന് ഒരു ഭീഷണിയുണ്ടായത്. നിര്‍ഭാഗ്യം കൊണ്ട് വാര്‍ണര്‍ക്ക് കഴിഞ്ഞില്ലെങ്കിലും വൈകാതെ ഒരു ഇന്ത്യന്‍ താരം ലാറയുടെ റെക്കോര്‍ഡ് തകര്‍ത്തേക്കുമെന്ന് വാര്‍ണര്‍ പറയുന്നു. വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ്മ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് വാര്‍ണറുടെ പ്രവചനം. ഓപ്പണറായി ഇറങ്ങിയ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടിയ താരമാണ് രോഹിത്. 

അഡ്‌‌ലെയ്‌ഡില്‍ വാര്‍ണര്‍ 335 റണ്‍സില്‍ നില്‍ക്കേ ഓസീസ് ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ ടിം പെയ്‌ന്‍ തീരുമാനിക്കുകയായിരുന്നു. വാര്‍ണറെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പെയ്‌ന്‍ മനപൂര്‍വം അനുവദിക്കാതിരിക്കുകയായിരുന്നു എന്ന വിമര്‍ശനം ഇതോടെ ഉയര്‍ന്നു. ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരം പെയ്‌ന്‍ നശിപ്പിച്ചു എന്നായിരുന്നു ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയുടെ പ്രതികരണം. 2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പുറത്താകാതെ 400 റണ്‍സെടുത്തത്. 

പാക് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച താരം 260 പന്തില്‍ 200ഉം 389 പന്തില്‍ 300ഉം തികച്ചു. 39 ബൗണ്ടറിയും ഒരു സിക്സും ഇതിനിടെ പറന്നു. അഡ്ലെയ്ഡ് സ്റ്റേഡിയത്തില്‍ പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. ടെസ്റ്റില്‍ ഒരു ഓസീസ് താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. 380 റണ്‍സ് നേടിയ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 334 റണ്‍സ് നേടിയ സര്‍ ഡോണ്‍ ബ്രാഡ്‌മാനെയും മുന്‍ നായകന്‍ മാര്‍ക് ടെയ്ലറെയും വാര്‍ണര്‍ പിന്നിലാക്കി.