വ്യക്തിപരരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തിനുള്ള ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു രോഹിത്.
അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തിനുള്ള ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു രോഹിത്. ക്യാപ്റ്റന്റെ അഭാവത്തില്‍ രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. പെര്‍ത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാളിനൊപ്പം 201 റണ്‍സ് ചേര്‍ത്തിരുന്നു. ജയ്‌സ്വാള്‍ സെഞ്ച്വറി നേടിയപ്പോള്‍ രാഹുല്‍ 77 റണ്‍സ് നേടി. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ രോഹിത് കളിച്ചിട്ടും ഈ ജോഡി തുടര്‍ന്നു.
അതൊരു സൂചനയായിരുന്നു. ആ സൂചന ശരിവെക്കുകയാണ് രോഹിത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''പെര്‍ത്തില്‍ അദ്ദേഹം ബാറ്റ് ചെയ്ത രീതിയും ജയ്സ്വാളുമായുള്ള കൂട്ടുകെട്ടും ആ ആദ്യ ടെസ്റ്റ് വിജയത്തില്‍ നിര്‍ണായകമായി. അതുകൊണ്ടുതന്നെ രാഹുല്‍ ഓപ്പണറായി തുടരും. മധ്യനിരയില്‍ എവിടെയെങ്കിലും ഞാന്‍ ബാറ്റ് ചെയ്യാനെത്തും. ഒരു ബാറ്ററെന്ന നിലയില്‍ ബുദ്ധിമുട്ടുള്ള തീരുമാനമാണിത്. എന്നാല്‍ ടീമിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ടീമിന് വേണ്ടതും അതുതന്നെയാണ്.'' രോഹിത് വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ അശ്വിന്‍ - ജഡേജ സഖ്യത്തെ കളിപ്പിക്കാന്‍ കഴിയാത്തതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''പെര്‍ത്തില്‍ ആ പിച്ചിന് അനുയോജ്യമെന്ന് കരുതുന്ന മികച്ച ടീമിനെയാണ് ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത്. ഈ രണ്ടുപേരും പരമ്പരയുടെ ബാക്കി ഭാഗങ്ങളില്‍ ഒരു പങ്കു വഹിക്കും. ഞങ്ങള്‍ പിച്ചുകള്‍ നോക്കി ടീം തീരുമാനിക്കും.'' രോഹിത് കൂട്ടിചേര്‍ത്തു.
അടുത്തകാലത്ത് മോശം ഫോമിലാണ് രോഹിത് കളിക്കുന്നത്. നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടീമിന്റെ ഹോം സീരീസ് 0-3 ന് വൈറ്റ്വാഷ് ചെയ്തത് മുതല്‍ നിരീക്ഷണത്തിലാണ് 37കാരന്‍. പരമ്പരയിലെ ആറ് ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ മാത്രം അമ്പത് കടന്ന രോഹിത് 93 റണ്‍സ് മാത്രമാണ് നേടിയത്. 2013 നും 2018 നും ഇടയില്‍ വല്ലപ്പോഴും ടെസ്റ്റ് കളിച്ചിരുന്ന താരമായിരുന്നു രോഹിത്. 2019 അവസാനത്തോടെയാണ് രോഹിത് ടെസ്റ്റ് ഓപ്പണറാവുന്നത്. ഓപ്പണ്‍ ചെയ്ത 64 ഇന്നിംഗ്സുകളില്‍ ഒമ്പത് സെഞ്ചുറികളോടെ 2685 റണ്‍സ് നേടി. എന്തായാലും രോഹിത് ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നുള്ള സൂചനാണ് പുറത്തുവരുന്നത്.

