അവസാന രണ്ട് ഏകദിനത്തിലും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

മുംബൈ: സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അവസാന രണ്ട് ഏകദിനത്തിലും സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യ 2-1ന് പരമ്പര ജയിച്ചെങ്കിലും ഒട്ടും എളുപ്പമായിരുന്നില്ല നേട്ടം. 

അവസാന രണ്ട് ഏകദിനത്തിലും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. ഇത്തരം തന്ത്രങ്ങള്‍ക്കല്ലാം പിന്നില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കൈകളാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ദ്രാവിഡിനെ സംരക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കേണ്ടതുണ്ടെന്നാണ് രോഹിത് പറയുന്നത്. 

ക്യാപ്റ്റന്റെ വിശദീകരണം... ''ഇന്ത്യന്‍ ടീമില്‍ ഇടം നേടേണ്ട ഒരുപാട് താരങ്ങളുണ്ട്. ലോകകപ്പിന് ശരിയായ കോംപിനേഷന്‍ ഒരുക്കുകയാണ് ലക്ഷ്യം. അതിന് മുമ്പ് ഏഷ്യാകപ്പ് കളിക്കണം. ടീമിന് ജയിക്കണം. അതോടൊപ്പം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഏഷ്യാ കപ്പില്‍ ചില താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് എനിക്ക് തോന്നുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ നിലവാരമുള്ള ടീമുകള്‍ക്കെതിരെ അവരെല്ലാം എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്ന് കണ്ടറിയണം. 

എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നമുക്ക് മികച്ച താരങ്ങളുണ്ടെന്നുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. സമയമാവുമ്പോള്‍ താരങ്ങളെല്ലാം പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്ന് കരുതാം. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കഴിഞ്ഞ നാല് മാസമായിട്ട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. അവര്‍ കഠിനാധ്വാനം ചെയ്യുന്നു. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവരുടെ വരവിനായി.'' രോഹിത് പറഞ്ഞു.

ഏകദിന ലോകകപ്പ് മുന്നില്‍! അഞ്ച് വര്‍ഷത്തിനിടെ ബിസിസിഐ വരവ് കോടികള്‍! വരുമാന കണക്ക് പുറത്ത്

ഏഷ്യാകപ്പിലാണ് ഇന്ത്യ അടുത്തതായി കളിക്കുക. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. ടൂര്‍ണമെന്റിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.