ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 31 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
അഹമ്മദാബാദ്: അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ. 31 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളുടേയും അവസാന മത്സരമാണിത്. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്യന്‍ ദത്തിന് രണ്ട് വിക്കറ്റുണ്ട്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്താവുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. നേരിട്ട മൂന്നാം പന്തില്‍ തന്നെ അഭിഷേക് ബൗള്‍ഡാവുകയായിരുന്നു. ആര്യന്‍ ദത്തിനായിരുന്നു വിക്കറ്റ്. ലോകകപ്പില്‍ ഇതുവരെ അഭിഷേകിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. പിന്നാലെ ഇഷാന്‍ കിഷനും (എട്ട് പന്തില്‍ 17) മടങ്ങി. ദത്തിന്റെ തന്നെ പന്തില്‍ നിര്‍ഭാഗ്യവശാല്‍ ബൗള്‍ഡാവുകയായിരുന്നു താരം. കിഷന്റെ ദേഹത്ത് തട്ടിയ പന്ത് സ്റ്റംപിലേക്ക് ഉരുണ്ട് വീഴുകയായിരുന്നു.
തുടര്‍ന്ന് തിലക് വര്‍മ (27 പന്തില്‍ 31) - സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 34) സഖ്യം 30 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു. ഒമ്പതാം ഓവറില്‍ തിലക് പുറത്തായി ദുബെ വന്നപ്പോഴാണ് സ്‌കോര്‍ അനങ്ങിതുടങ്ങിയത്. ഇതിനിടെ സൂര്യയും പുറത്തായി. ദുബെയ്‌ക്കൊപ്പം 41 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്തു. ദുബെയ്‌ക്കൊപ്പം ഹാര്‍ദിക് ചേര്‍ന്നതോടെ സ്‌കോറിംഗ് വേഗത്തിലായി. 35 പന്തില്‍ 76 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. അവസാന ഓവറിലാണ് ദുബെ മടങ്ങുന്നത്. ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 21 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സുകളുണ്ടായിരുന്നു. റിങ്കു സിംഗ് (6) ഹാര്‍ദിക്കിനൊപ്പം പുറത്താവാതെ നിന്നു.
സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചകര്‍വര്‍ത്തി.
നെതര്‍ലന്‍ഡ്‌സ്: മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.

