ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കലാപമായി പടരുകയാണ്. ദിവസങ്ങള്‍ പിന്നിട്ട കലാപത്തിനിടെ നിരവധി സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെടിവയ്പ്പും കല്ലേറും തീവയ്പ്പുമെല്ലാം മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ വടക്ക് കിഴക്കന്‍ ദില്ലി കണ്ണീരില്‍ കുതിര്‍ന്നുകഴിഞ്ഞു. ഇത്രയും ദിവസത്തിനിടെ കായിക മേഖല നിന്നുള്ളവരൊന്നും പ്രക്ഷോഭത്തെ കുറിച്ച് മിണ്ടിയിരുന്നില്ല. 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിളിച്ചിരുന്നു. എന്നാല്‍ നിലവില്‍ കായികരംഗത്ത് സജീവമായ പലരും മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ രോഹിത് ശര്‍മ അക്കൂട്ടത്തിലില്ല. പ്രക്ഷോഭത്തിനെതിരെ സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാന്‍. ട്വിറ്ററിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. ''ദില്ലിയിലെ കാഴ്ചകള്‍ ഒരു നല്ലതായി തോന്നുന്നില്ല. എല്ലാം ഉടനെ നേരയാവുമെന്ന് തന്നെ കരുതാം.'' ഇതായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ്.

ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം ആദ്യമായിട്ടാണ് പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കുന്നത്. ഇക്കാര്യം വിളിച്ചുപറയാന്‍ ഒരാളെങ്കിലും ഉണ്ടായല്ലൊയെന്ന അഭിപ്രായമാണ് മിക്ക ആരാധകര്‍ക്കും. എന്നാല്‍ രോഹിത്തിന്റെ അഭിപ്രായത്തെ എതിര്‍ത്ത് പലരും രംഗത്തെത്തിയിട്ടുണ്ട്. രോഹിത്തിന് പിന്നാലെ മറ്റുതാരങ്ങളുടെ അഭിപ്രായത്തിന് കാതോര്‍ക്കുകയാണ് കായികലോകം.