വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ ശ്രദ്ധാകേന്ദ്രം ഓപ്പണര്‍ രോഹിത് ശര്‍മ്മയായിരുന്നു. ആദ്യമായി ടെസ്റ്റ് ഓപ്പണറുടെ റോളില്‍ രോഹിത് ക്രീസിലെത്തുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. ടെസ്റ്റ് കളിക്കാന്‍ അറിയില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് തക്ക മറുപടി കൊടുക്കാന്‍ ഹിറ്റ്‌മാന് ലഭിച്ച സുവര്‍ണാവസരം. അവസരം മുതലാക്കിയ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ ടെസ്റ്റ് ഓപ്പണിംഗും തനിക്ക് ബാലികേറമലയല്ലെന്ന് തെളിയിച്ചു. 

വിമര്‍ശനങ്ങളെയെല്ലാം അതിര്‍ത്തികടത്തിയ ക്ലാസ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് രോഹിത് ശര്‍മ്മ നേടിയത്. ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സില്‍ തന്നെ രോഹിത് ടെസ്റ്റിലും താനൊരു ഹിറ്റ്‌മാനാണെന്ന് തെളിയിച്ചു. വിശാഖപട്ടണത്ത് 154 പന്തിലായിരുന്നു രോഹിത് ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറി തികച്ചത്. 

ഓപ്പണറായി അരങ്ങേറിയ മത്സരത്തില്‍ മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് മിന്നും തുടക്കമാണ് രോഹിത് ശര്‍മ്മ ടീം ഇന്ത്യക്ക് നല്‍കിയത്.  രോഹിത് സിക്‌സറുകള്‍ കൊണ്ട് വിശാഖപട്ടണത്തെ കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കി. അഞ്ച് സിക്‌സുകളാണ് രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് ഗാലറിയില്‍ ഇടംപിടിച്ചത്. ടെസ്റ്റ് ഓപ്പണറായി സ്വപ്‌നതുല്യമായ തുടക്കം നേടിയ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.