എട്ട് ഫോറും ഒരു സിക്സും പറത്തിയ രോഹിത് മത്സരത്തില്‍ 63 പന്തില്‍ 52 റണ്‍സെടുത്ത് പുറത്തായി.
ബെംഗളൂരു:ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ 356 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റൻ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നല്‍കിയത്. അമിത പ്രതിരോധത്തിന് നില്‍ക്കാതെ ഏകദിന ശൈലിയിലായിരുന്നു ഇരുവരുടെയും ബാറ്റിംഗ്. 356 റണ്‍സിന്‍റെ ലീഡ് മറികടക്കാന്‍ തകര്‍ത്തടിച്ചേ മതിയാവൂ എന്ന തിരിച്ചറിവില്‍ സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും ഒരുപോലെ ആക്രമണം കനപ്പിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 17 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.
52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്സിന് തൂക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു. എന്നാല്‍ യശസ്വി പുറത്തായശേഷവും ആക്രമിച്ചു കളിച്ച രോഹിത് മാറ്റ് ഹെന്‍റിയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറിനും സിക്സിനും ഫോറിനും പറത്തിയാണ് അര്‍ധസെഞ്ചുറി തികച്ചത്. 59 പന്തില്‍ രോഹിത് അര്‍ധസെഞ്ചുറിയിലെത്തി. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അടുത്ത ഓവറില്‍ രോഹിത് അജാസ് പട്ടേലിന്‍റെ പന്തില്‍ ബൗൾഡായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
അജാസ് പട്ടേലിന്‍റെ നിരുപദ്രവകരമായ പന്ത് രോഹിത് ഭംഗിയായി പ്രതിരോധിച്ചെങ്കിലും രോഹിത് ഡിഫന്‍ഡ് ചെയ്ത പന്ത് ക്രിസില്‍ തന്നെ വീണ് ഉരുണ്ട് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. പന്ത് കാലുകൊണ്ട് തട്ടിയകറ്റാനുള്ള സാവകാശം ലഭിക്കും മുമ്പെ ബെയില്‍സ് വീണു. വലിയൊരു സ്കോറിനുള്ള അടിത്തറയിട്ടശേഷം നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായതിന്‍റെ നിരാശ മുഴുവന്‍ രോഹിത്തിന്‍റെ മുഖത്തുണ്ടായിരുന്നു. എട്ട് ഫോറും ഒരു സിക്സും പറത്തിയ രോഹിത് മത്സരത്തില്‍ 63 പന്തില്‍ 52 റണ്‍സാണെടുത്തത്.
ആദ്യ ഇന്നിംഗ്സില്‍ വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് രോഹിത് സെഞ്ചുറി കൊണ്ട് മറുപടി നല്‍കുമെന്ന് ആരാധകര്‍ കരുതിയിരിക്കെയാണ് നിര്‍ഭാഗ്യകരമായി പുറത്തായത്. രോഹിത് പുറത്താവുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 95ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.
