ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി.
ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് രോഹിത്തിന് ആദ്യ മൂന്നിലെത്തിച്ചത്. രണ്ട് സ്ഥാനങ്ങള്‍ അദ്ദേഹം മെച്ചപ്പെടുത്തി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്ത്. രോഹിത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാന്‍സ്, ഇന്ത്യയുടെ വിരാട് കോലി എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്ടമായി. ക്ലാസന്‍ നാലാമതും കോലി അഞ്ചാം സ്ഥാനത്തുമാണ്.
ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി. അയലന്‍ഡ് താരം ഹാരി ടെക്റ്ററാണ് ഏഴാമത്. ശ്രേയസ് അയ്യര്‍, ചരിത് അസലങ്ക, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ യഥാക്രം എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ 16-ാം സ്ഥാനത്താണ്. ഇതിനിടെ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര 14-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, ബൗളര്‍മാരുടെ റാങ്കില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാമതെത്തി.
ഇന്ന് മാഡ്രിഡ് ഡര്‍ബി! അത്‌ലറ്റിക്കോ മാഡ്രിഡിന് ജയിക്കണം, റയല്‍ മാഡ്രിഡിന് സമനില മതി
മൂന്ന് സ്ഥാനങ്ങളാണ് കുല്‍ദീപ് മെച്ചപ്പെടുത്തിയത്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ടാം സ്ഥാനത്ത്. ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് പട്ടിക നയിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 10-ാം സ്ഥാനത്താണ് ജഡ്ഡു. മൂന്ന് സ്ഥാനങ്ങളാണ് ജഡേജ മെച്ചപ്പെടുത്തിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ 13, 14 സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്റെ അസ്മതുള്ള ഒമര്‍സായ് ഒന്നാമത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ പത്താം സ്ഥാനത്താണ്. അക്‌സര്‍ പട്ടേല്‍ 13-ാം സ്ഥാനത്തും.
ടീം റാങ്കിംഗില്‍ മാറ്റമൊന്നുമില്ല. ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യ ഒന്നാമത് തുടരുന്നു. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ശ്രീലങ്ക ആറാമതാണ്. അവര്‍ക്ക് പിന്നില്‍ ഇംഗ്ലണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ എട്ട് മുതല്‍ പത്തുവരെ.

