നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനായി മികവ് കാട്ടിയ താരങ്ങളെ മറക്കുന്നില്ല. പക്ഷെ അവര്‍ക്കൊപ്പം തന്നെ പ്രധാനമായിരുന്നു ഇവര്‍ മൂന്ന് പേരും നല്‍കിയ പിന്തുണയും. അതാണ് ഇപ്പോള്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമായതും.

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നില്‍ നെടുന്തൂണായി പ്രവര്‍ത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശര്‍മ. സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരെ രോഹിത് ശര്‍മ എടുത്തുപറഞ്ഞത്.

മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിലെ നെടുന്തൂണുകളെന്ന് രോഹിത് വ്യക്തമാക്കി. ലോകകപ്പ് നേട്ടത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും ലോകകപ്പ് നേട്ടം ആരാധകര്‍ക്കൊപ്പം ആഘോഷിക്കാനായത് വലിയ സന്തോഷമെന്നും രോഹിത് പറഞ്ഞു. റെക്കോര്‍ഡുകളെക്കുറിച്ചോ മത്സരഫലത്തെക്കുറിച്ചോ ചിന്തിക്കാതെ നിര്‍ഭയരായി കളിക്കാൻ കളിക്കാരെ ഒരുക്കിയെടുക്കുക എന്നതായിരുന്നു എന്‍റെ സ്വപ്നം. അതിന് എനിക്ക് ഈ മൂന്ന് പേരില്‍ നിന്ന് കിട്ടിയത് വലിയ പിന്തുണയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനായി മികവ് കാട്ടിയ താരങ്ങളെ മറക്കുന്നില്ല. പക്ഷെ അവര്‍ക്കൊപ്പം തന്നെ പ്രധാനമായിരുന്നു ഇവര്‍ മൂന്ന് പേരും നല്‍കിയ പിന്തുണയും. അതാണ് ഇപ്പോള്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമായതും.

41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കൻ താരം, മറികടന്നത് ഇന്ത്യൻ താരത്തെ

ഞാന്‍ ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയതിന് ഒരു കാരണമുണ്ട്. ഒരിക്കല്‍ നിങ്ങള്‍ വിജയത്തിന്‍റെ രുചി അറിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്കത് നിര്‍ത്താനാവില്ല. കിരീടങ്ങള്‍ നേടുന്നതും അതുപോലെയാണ്. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷത്തെ ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കിരീടം നേടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ടീമെന്ന നിലയില്‍ അതിനായി കഠിനമായി പ്രയത്നിക്കുമെന്നും രോഹിത് പറഞ്ഞു.

Scroll to load tweet…

സെപ്റ്റംബര്‍ 19ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കാനിറങ്ങുക. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. അതിനുശേഷം നവംബറില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക