പുതിയ ചിത്രം കണ്ട് രോഹിത് ശര്‍മ്മയ്‌ക്ക് 10 വയസ് കുറഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത് 

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കരീബിയന്‍ മണ്ണില്‍ കാലുകുത്തിയത് പുതിയ ഗെറ്റപ്പില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞുള്ള അവധിക്കാലം പിന്നിട്ട് ക്ലീന്‍ഷേവ് ലുക്കിലാണ് വിന്‍ഡീസിലേക്ക് ഹിറ്റ്‌മാന്‍റെ വരവ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങള്‍ സഹിതം ദേശീയ മാധ്യമമായ ന്യൂസ് 18ന്‍റെ റിപ്പോര്‍ട്ട്. ബാര്‍ബഡോസില്‍ വിവിധ സംഘങ്ങളായി എത്തിയ ഇന്ത്യന്‍ ടീം ഇതിനകം ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. 

മൂന്ന് ഫോര്‍മാറ്റിലുമുള്ള പരമ്പരയ്‌ക്ക് മുന്നോടിയായി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് ടീം ഇന്ത്യ ബാര്‍ബഡോസില്‍ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് ടീം പരിശീലന മത്സരങ്ങള്‍ കളിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമായി പരമ്പരയിലുള്ളത്. ടെസ്റ്റ്, ഏകദിന ടീമുകളെ നേരത്തെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫൈനലില്‍ ഓസീസിനോട് തോറ്റതിന്‍റെ ആഘാതം മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. ചേതേശ്വര്‍ പൂജാര ടീമിന് പുറത്തായതോടെ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരില്‍ ഒരാളെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനൊരുങ്ങുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പൂജാര പുറത്തായതോടെ അജിങ്ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. തിരിച്ചുവരവില്‍ ഓസീസിന് എതിരായ ഫൈനലിലെ തകര്‍പ്പന്‍ പ്രകടനമാണ് രഹാനെയ്‌ക്ക് തുണയായത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ കരുത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമിലെത്തിയിട്ടുണ്ട്. 

ഇതേസമയം വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയ വെസ്റ്റ് ഇന്‍ഡീസിന് ശക്തമായ തിരിച്ചുവരവില്ലാതെ ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാവില്ല. ഏകദിന ലോകകപ്പിന് മുമ്പ് ഫോം തെളിയിക്കേണ്ടത് നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് വെല്ലുവിളിയായുണ്ട്. ഏകദിന ലോകകപ്പിന് ശേഷം രോഹിത് അടക്കമുള്ള പല സീനിയര്‍ താരങ്ങളുടേയും ഭാവി സെലക്‌ടര്‍മാരുടെ മേശയില്‍ ചര്‍ച്ചയ്‌ക്കെത്തും. 

Read more: അന്ന് ഗംഭീര്‍, ഇപ്പോള്‍ ബെയ്‌ര്‍സ്റ്റോ; ദഹിപ്പിക്കുന്ന നോട്ടത്തോടെ കലിപ്പന്‍ ഹസ്‌തദാനം- വീഡിയോ വൈറല്‍ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News

Scroll to load tweet…