2022 നവംബറിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അതിനുശേഷം ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും ഐ.പി.എല്ലിൽ ആർ.സി.ബിക്ക് വേണ്ടി തിളങ്ങാൻ ഭുവിക്ക് കഴിഞ്ഞിരുന്നു.

ലക്നൗ: കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെന്ന് സീനിയര്‍ പേസർ ഭുവനേശ്വർ കുമാർ. തന്‍റെ കരിയറിൽ ഏറ്റവും വലിയ നിരാശ സമ്മാനിച്ചത് 2019 ലെ ഏകദിന ലോകകപ്പ് സെമിഫൈനലിലെ തോൽവിയാണെന്നും ജതിൻ സപ്രുവിന്‍റെ യൂട്യൂബ് ചാറ്റ് ഷോയിൽ സംസാരിക്കവെ ഭുവി വെളിപ്പെടുത്തി.

2019 ഏകദിന ലോകകപ്പ്, 2022 ടി20 ലോകകപ്പ് സെമിഫൈനലുകളിൽ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു. ഇതിൽ ന്യൂസിലൻഡിനെതിരായ 2019 ലെ തോൽവിയാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏകദിനത്തിലെ സാധാരണ വിജയലക്ഷ്യമായിരുന്നു 2019 ൽ ന്യൂസിലന്‍ഡിനെതിരെ ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത് (240 റൺസ്). ഇന്ത്യ ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. മഴ കാരണം കളി റിസർവ് ഡേയിലേക്ക് നീണ്ടതും പിച്ച് നനഞ്ഞതും കാര്യങ്ങൾ മാറ്റിയെഴുതിയിരിക്കാം. എങ്കിലും ആ തോൽവിയാണ് ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്. എന്നാൽ 2022 ൽ ഇംഗ്ലണ്ടിനെതിരായ ടി20 സെമി തോൽവി വ്യത്യസ്തമായിരുന്നു. ടി20 യിൽ എപ്പോൾ വേണമെങ്കിലും കളി മാറാമെന്നും ഭുവി വ്യക്തമാക്കി.

2022 നവംബറിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അതിനുശേഷം ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും ഐ.പി.എല്ലിൽ ആർ.സി.ബിക്ക് വേണ്ടി തിളങ്ങാൻ ഭുവിക്ക് കഴിഞ്ഞിരുന്നു. അവസാനമായി കളിച്ച ശേഷം അടുത്ത ചില പരമ്പരകളിൽ വീണ്ടും അവസരം ലഭിക്കുമെന്ന് കരുതിയിരുന്നു. ടീം മാനേജ്‌മെന്‍റ് നൽകിയ സൂചനകളും അങ്ങനെയായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിയെന്ന് മനസിലായി. അതിൽ വിഷമം തോന്നിയെങ്കിലും അത് അംഗീകരിക്കാൻ ഞാൻ തയ്യാറായി. കുടുംബത്തിന്‍റെ പിന്തുണയാണ് ആ ഘട്ടത്തിൽ കരുത്തായത്. ഇനി പ്രചോദിപ്പിക്കാൻ വേണ്ടിയല്ല ഞാൻ കളിക്കുന്നത്. വീണ്ടും ഇന്ത്യയ്ക്കായി കളിക്കാൻ കഴിഞ്ഞാൽ സന്തോഷം, എന്നാൽ അതിനായി ഇനി കാത്തിരിക്കുന്നില്ലെന്നും ഭുവനേശ്വര്‍ കൂട്ടിച്ചേർത്തു.

2022 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായപ്പോൾ തന്നെ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നതായും, ഒരു വലിയ ടൂർണമെന്‍റ് തോൽക്കുമ്പോൾ സെലക്ടർമാർ യുവതാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണെന്നും ഭുവി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക