കൃത്യമായ പ്ലാനുണ്ടായിരുന്നു! കാണ്‍പൂര്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം രോഹിത് ശര്‍മ
നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരെ വാഴ്ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കാണ്‍പൂരില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
പിന്നീടാണ് രോഹിത്, ഇന്ത്യന്‍ വിജയത്തെ കുറിച്ച് സംസാരിച്ചത്. പരിശീലകന്‍ ഗൗതം ഗംഭീറിനെ കുറിച്ചും രോഹിത് പറയുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇത്തരത്തില്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷം മാത്രം. കരയറില്‍ വ്യത്യസ്തരായ പരിശീലകര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരും. രാഹുല്‍ ദ്രാവിഡിനൊപ്പം മികച്ച സമയമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ, നമ്മളെല്ലാവരും മുന്നോട്ട് പോകേണ്ടതുണ്ട്. ഞാന്‍ ഗൗതം ഗംഭീറിനൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വീകരിക്കുന്ന രീതിയെ കുറിച്ചും എനിക്ക് കൃത്യമായ ധാരണയുണ്ട്.'' രോഹിത് പറഞ്ഞു.
മുത്തയ്യ മുരളീധരന്‍റെ ലോക റെക്കോര്‍ഡിനൊപ്പം അശ്വിന്‍, ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയശില്‍പി
രോഹിത് തുടര്‍ന്നു... ''ആദ്യ ദിനം നന്നായി തുടങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ രണ്ടര ദിവസം മഴ കൊണ്ടുപോയി. എന്നാല്‍ മത്സരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നുള്ളതായിരുന്നു ചിന്ത. ബംഗ്ലാദേശ് എത്ര നേടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. അവര്‍ 230 റണ്‍സിന് പുറത്തായപ്പോള്‍ ഞങ്ങള്‍ നേടുന്ന റണ്‍സിനെ കുറിച്ചല്ല ചിന്തിച്ചത്, അവര്‍ക്ക് എറിയുന്ന ഓവറുകളെ കുറിച്ചായിരുന്നു. അതിനര്‍ത്ഥം ഞങ്ങള്‍ കഴിയുന്നത്ര സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണം. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന പിച്ചല്ലായിരുന്നു അത്. എന്നാല്‍ ബൗളര്‍മാരാണ് മത്സരത്തില്‍ ഫലമുണ്ടാക്കിയത്.'' രോഹിത് വ്യക്തമാക്കി.
വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതിനെ കുറിച്ച് രോഹിത് പറഞ്ഞതിങ്ങനെ... ''വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. വേഗം പുറത്താവാന്‍ സാധ്യതയുണ്ട്. പക്ഷേ, 100-150ന് റണ്‍സിന് പുറത്തായാലും ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. മത്സരത്തില്‍ ഫലമുണ്ടാവണമെന്ന്് ഞങ്ങള്‍ ആഗ്രഹിച്ചു. ആകാഷ് ദീപ് നന്നായി പന്തെറിഞ്ഞു. ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമിന് വേണ്ടത് എന്താണെന്ന് അവന് നല്ല ധാരണയുണ്ട്. ഏറെ നേരം പന്തെറിയും വിക്കറ്റുകളെടുക്കാനും ആകാശിന് കഴിയുന്നു.'' രോഹിത് കൂട്ടിചേര്‍ത്തു.