ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.

കൊളംബൊ: അപ്രതീക്ഷിത തീരുമാനങ്ങള്‍ ഒന്നുമില്ലാതെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായും കൂടി ആലോചിച്ചായിരുന്നു ടീം തെരഞ്ഞെടുപ്പ്. ഇതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ രോഹിത് പൂര്‍ണ തൃപ്തന്‍. ഇപ്പോള്‍ ടീം സെലക്ഷനെ കുറിച്ച് സംസാരിക്കുകയാണ് ഓപ്പണിംഗ് ബാറ്റര്‍കൂടിയായ രോഹിത് ശര്‍മ.

മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സാഹചര്യത്തിന് അനുസരിച്ചാണ് പ്ലേയിംഗ് ഇലവന്‍ നിശ്ചയിക്കുക. മികച്ച ടീമിനെ തന്നാണ് ലോകകപ്പില്‍ അണിനിരത്തുന്നത്. ടീം സെലക്ഷനില്‍ ഉള്‍പ്പടെ പുറത്ത് നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ശ്രദ്ധിക്കാറില്ല. ടീം സെലക്ഷനെ കുറിച്ചുള്ള വിമര്‍ശനങ്ങളും കാര്യമാക്കുന്നില്ല. ഏകദിന ലോകകപ്പായതിനാല്‍ ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയും അവസരവുമുണ്ട്. ഹാര്‍ദിക് പണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് ലോകകപ്പില്‍ ഇന്ത്യക്ക് വളരെ നിര്‍ണായകമായിരിക്കും.'' രോഹിത് പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. മലയാളി താരം സഞ്ജു സാംസണ് ടീമില് അവസരമുണ്ടായിരുന്നില്ല. 28കാരനായ മലയാളി താരം സ്‌ക്വാഡിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ഓള്‍റൗണ്ടര്‍മാരുടെ ആധിക്യം! ഏകദിന ലോകകപ്പിന് ശക്തമായ ടീമുമായി ഓസ്‌ട്രേലിയ; കമ്മിന്‍സ് നയിക്കും