ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ 230 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്തായി.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ന് ഇംഗ്ലണ്ടിനെ തകര്‍ത്തത് 100 റണ്‌സിന്. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ 230 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, മൂന്നെണ്ണം വീഴ്ത്തിത ജസ്പ്രിത് ബുമ്ര, രണ്ട് പേരെ പുറത്താക്കിയ കുല്‍ദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്ത്. 

നേരത്തെ ഇന്ത്യയുടെ ബാറ്റിംഗില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 87 റണ്‍സായിരുന്നു. ഇപ്പോള്‍ ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ഇങ്ങനെയല്ല ബാറ്റര്‍മാര്‍ കളിക്കേണ്ടതെന്നാണ് രോഹിത്തിന്‍റെ പക്ഷം. പലരും വിക്കറ്റ് വലിച്ചെറിഞ്ഞുവെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''ഗംഭീരമായ പ്രകടനം. ടീമിലെ ഓരോരുത്തരും അവരുടെ വേഷം നന്നായി ചെയ്തു. പരിചയസമ്പത്ത് ഗുണം ചെയ്തു. അത്രത്തോളം പരിചിതരായ താരങ്ങളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ട് നന്നായി പന്തെറിഞ്ഞു. കടുത്ത വെല്ലുവിളിയാണ് അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ച ശൈലി നോക്കൂ. ഭേദപ്പെട്ട ഒരു ടോട്ടലില്‍ എത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ടോട്ടല്‍ അത്രത്തോളം മികച്ചതായിരുന്നില്ല. ബാറ്റ് കൊണ്ട് ടീം നിരാശപ്പെടുത്തി. മൊത്തത്തിലുള്ള ചിത്രം നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് 30 റണ്‍സ് കുറവാണ്. 

തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഞാനും മറ്റു രണ്ട് താരങ്ങളും വിക്കറ്റ് വലിച്ചെറിയുകയാണുണ്ടായത്. എന്നാല്‍ എല്ലാ ദിവസവും ഇത്തരത്തില്‍ സംഭവിക്കുകയില്ല. ഇംഗ്ലണ്ട് ബാറ്റിംഗ് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താനാണ് ശ്രമിച്ചത്. അതോടെ അവര്‍ സമ്മര്‍ദ്ദത്തിലാവും. വിജയം നേടുന്നതിനും ബ്രേക്ക് ത്രൂ ഉണ്ടാക്കുന്നതിനും എപ്പോഴും പേസര്‍മാരെ ആശ്രയിക്കാം. സാഹചര്യങ്ങള്‍ അവര്‍ നന്നായി മുതലെടുത്തു. കൃത്യമായ സ്ഥലങ്ങളില്‍ അവര്‍ പന്തെറിഞ്ഞു. ബൗളിംഗ് സന്തുലിതമാണ്. ഒരുപാട് സാധ്യതകളുണ്ട്. ബാറ്റര്‍മാര്‍ റണ്‍സ് നേടേണ്ടതുണ്ട്.'' നായകന്‍ വ്യക്തമാക്കി.

രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ലോക ചാംപ്യന്മാരായ ഇംഗ്ലണ്ട് പുറത്തേക്കും.

കുത്തിത്തിരിഞ്ഞത് 7.2 ഡിഗ്രിയില്‍! നിസ്സഹായനായി ജോസ് ബട്‌ലര്‍; കുല്‍ദീപ് യാദവിന്റെ മാജിക്ക് ഡെലിവറി കാണാം