കുത്തിത്തിരിഞ്ഞത് 7.2 ഡിഗ്രിയില്‍! നിസ്സഹായനായി ജോസ് ബട്‌ലര്‍; കുല്‍ദീപ് യാദവിന്റെ മാജിക്ക് ഡെലിവറി കാണാം
കുല്‍ദീപിന്റെ ആ പന്ത് തന്നെയാണ് ഇന്ന് വാര്‍ത്തായായിരിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മനോഹരമായ പന്തെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോല്‍വി മുന്നില്‍ കാണുകയാണ് ഇംഗ്ലണ്ട്. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ, ഇംഗ്ലണ്ട് ഒമ്പതിന് 229 എന്ന നിലയില്‍ തളച്ചിട്ടിരുന്നു. കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് ശര്‍മ (87), സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ ബൗളര്‍മാര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. 13 ഓവര്‍ പിന്നിട്ടപ്പോള്‍ നാലിന് 45 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജോസ് ബട്‌ലറെ (10) പുറത്താക്കി കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിനെ തോല്‍വിഭയത്തിലേക്ക് തള്ളിവിട്ടു.
കുല്‍ദീപിന്റെ ആ പന്ത് തന്നെയാണ് ഇന്ന് വാര്‍ത്തായായിരിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മനോഹരമായ പന്തെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. കുത്തിത്തിരിഞ്ഞ് ബട്‌ലറുടെ കാലിനും ബാറ്റിനുമിടയിലൂടെ സഞ്ചരിച്ച പന്ത് വിക്കറ്റില്‍ കൊള്ളുകയായിരുന്നു. 7.2 ഡിഗ്രിയിലാണ് പന്ത് തിരിഞ്ഞത്. ബാക്ക് ഫൂട്ടിലേക്ക് വലിഞ്ഞ ബട്‌ലര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹം നിസ്സഹായനായി തലയും താഴ്ത്തി നിന്നു. ബട്‌ലര്‍ പുറത്താവുന്ന വീഡിയോ കാണാം..
ഇംഗ്ലണ്ടിന് നഷ്ടമായ ആദ്യ നാല് വിക്കറ്റുകല്‍ ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും പങ്കിട്ടെടുക്കുകയായിരുന്നു. അഞ്ചാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മലാനെ (16) ബുമ്ര ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കാനും ബുമ്രയ്ക്കായി. അടുത്ത് വിക്കറ്റ് വീണത് എട്ടാം ഓവറിന്റെ അവസാന പന്തില്‍. ബെന്‍ സ്‌റ്റോക്‌സിനെ (0) ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഷമിക്കെതിരെ സ്‌റ്റോക്‌സ് നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇതുതന്നെയാണ് ഇന്ത്യന്‍ പേസര്‍ മുതലെടുത്തത്. ഷമി തന്റെ അടുത്ത ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയേയും (14) ബൗള്‍ഡാക്കി.
നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലഖ്‌നൗവിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല.