വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വ്യക്തമാക്കി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുന്‍ ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയുടെ മികച്ച നായകനെന്ന് രോഹിത് വ്യക്താക്കി. ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് വിശ്രമത്തിലാണ്. മറ്റന്നാള്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ പരിക്കുമാറി രോഹിത് ഓപ്പണറുടെ വേഷത്തില്‍ തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞിരുന്നു.

ഇതിനിടെയാണ് രോഹിത്തിന്റെ വാക്കുകള്‍. താരം പറയുന്നതിങ്ങനെ... ''ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് എം എസ് ധോണി. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രധാന കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ധോണിയുടെ ക്ഷമയാണ് അദ്ദേഹത്തെ മികച്ച നായകനാക്കിയത്. ക്ഷമ തന്നെയാണ് ധോണിയെ പക്വതയേറിയ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.

ധോണിക്ക് കീവില്‍ യുവതാരങ്ങള്‍ ഒരിക്കലും കൂടുതല്‍ സമ്മര്‍ദ്ദത്തിന് അടിമപെടില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പലപ്പോഴും ധോണി യുവതാരങ്ങള്‍ക്ക് അടുത്തേക്ക് വരാറുണ്ട്. ധോണി താരങ്ങളുടെ തോളില്‍ കൈ വെക്കും. സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തായി പറഞ്ഞുകൊടുക്കു. ടീമിലെ ഒരു യുവതാരത്തോട് അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ തന്നെ ആത്മവിശ്വാസം വര്‍ധിക്കും.'' രോഹിത് പറഞ്ഞുനിര്‍ത്തി.

മുമ്പ് മധ്യനിരയില്‍ കളിച്ചുകൊണ്ടിരുന്ന രോഹിത്തിനെ ഓപ്പണറാക്കിയത് ധോണിയായിരുന്നു. പിന്നീട് രോഹിത്തിന് ഇറങ്ങി കളിക്കേണ്ടി വന്നിട്ടില്ല. മുമ്പും രോഹിത് ധോണിയെ മികച്ച ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിട്ടുണ്ടായിരുന്നു.