മുംബൈ: കൊവിഡ് ഭീതിയെ തുടര്‍ന്ന് കായികലോകവും സ്തംഭിച്ചിരിക്കുകയാണ്. താരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ് കഴിച്ചുകൂടുന്നത്. ഇവര്‍ക്ക് ആശ്വാസം രസകരമായ വീഡിയോ ചെയ്യുന്നതും ലൈവ് ചാറ്റിങ്ങുമൊക്കെയാണ്. അത്തരത്തിലുള്ള ഒരു രസകരമായ ചാറ്റിങ്ങാണ് ശ്രദ്ധേയമാകുന്നത്. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ലൈവ് ചാറ്റില്‍ വന്നത്.

ഇന്‍സ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെയാണ് രോഹിതും പീറ്റേഴ്‌സനും തമ്മിലുള്ള സംഭാഷണം. ഐപിഎല്ലില്‍ റിക്കി പോണ്ടിംഗിന് കീഴില്‍ കളിച്ചതിനെ കുറിച്ചും ടൂര്‍ണമെന്റിന്റെ ഭാവിയെ കുറിച്ചും പീറ്റേഴ്‌സണ്‍ ചോദിക്കുന്നുണ്ട്. ഹിറ്റ്മാന്റെ മറുപടി ഇങ്ങനെ... ''ഐപിഎല്ലില്‍ പോണ്ടിംഗിന് കീഴില്‍ കളിച്ച ആ കാലയളവിനെ മായാജാലം എന്ന് മാത്രമെ പറയാന്‍ പറ്റൂ. അത്രയ്ക്ക് സുന്ദരമായിരുന്നു അക്കാലം.'' രോഹിത് പറഞ്ഞു. 

2011 ഏകദിന ലോകകപ്പിന്റെ ടീമില്‍ ഉള്‍പ്പെടാതെ പോയതാണ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിഷമകരമായ നിമിഷം. ''അന്ന് ഫൈനല്‍ എന്റെ വീട്ടുമുറ്റത്ത് നടക്കുന്നത് പോലെയായിരുന്നു. എന്ത് ചെയ്യാം, എനിക്ക് ടീമിലുള്‍പ്പെടാന്‍ സാധിച്ചില്ല. അത് എന്റെ തെറ്റ് തന്നെയാണ്. അന്ന് ഞാന്‍ മികച്ച ഫോമിലല്ലായിരുന്നു.'' 

കൊവിഡ് ഭീതിയില്‍ നിന്ന് ലോകം മുക്തി നേടിയാല്‍ ഐപിഎല്‍ നടക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ബിസിസിഐ ഏപ്രില്‍ 15ലേക്ക് ടൂര്‍ണമെന്റ് മാറ്റുകയായിരുന്നു.