ലണ്ടന്‍: ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ഓസ്ട്രേലിയയില്‍ തിളങ്ങണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ രോഹിത് ശര്‍മക്ക് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഓപ്പണറെന്ന നിലയില്‍ ആദ്യ അരമണിക്കൂര്‍ ശ്രദ്ധിച്ച് കളിച്ചാല്‍ രോഹിത്തിന് ഓസ്ട്രേലിയയില്‍ തിളങ്ങാനാകുമെന്ന് സോണി ടെന്നിലെ 'പിറ്റ് സ്റ്റോപ്' എന്ന പരിപാടിയില്‍ പങ്കെടുത്ത് ഹുസൈന്‍ പറഞ്ഞു.

ഇന്ത്യക്കായി രോഹിത് അല്ല ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ താന്‍ മറ്റേതെങ്കിലും മത്സരം കാണുമെന്നും ഹുസൈന്‍ പറഞ്ഞു. രോഹിത്തിന്റെ സമകാലീനരായ താരങ്ങളോട് ആരാണ് ഏറ്റവും ഇഷ്പ്പെട്ട ക്രിക്കറ്റ് താരമെന്ന് ചോദിച്ചാല്‍ അവര്‍ പറയുക രോഹിത്തിന്റെ പേരാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഒരു പന്ത് നേരിടുമ്പോള്‍ രോഹിത്തിന് കൂടുതല്‍ സമയം ലഭിക്കുന്നതായി അവര്‍ കരുതുന്നു.


ടെസ്റ്റ് മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍റില്‍ ബാറ്റ് ചെയ്യുമ്പോള്‍ സാങ്കേതികത്തികവിനൊപ്പം  ക്രീസില്‍ ചെലവഴിക്കുന്ന സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ വിദേശ പരമ്പരകളില്‍ ഓപ്പണറായി ഇറങ്ങുമ്പോള്‍ ആദ്യ അരമണിക്കൂര്‍ ക്രീസില്‍ പിടിച്ചു നില്‍ക്കാനാണ് രോഹിത് ശ്രമിക്കേണ്ടത്. അതിനുശേഷം ബൗളര്‍മാരോട് രോഹിത്തിന് ധൈര്യമായി പറയാം, നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു, ഇനി എന്റെ സമയമാണെന്ന്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആന്‍ഡേഴ്സണെ നേരിട്ടപ്പോള്‍ തന്റെ ഓഫ് സ്റ്റംപ് കവര്‍ ചെയ്ത് കോലി കളിച്ചതുപോലെ രോഹിത്തിനും ശ്രമിക്കാവുന്നത്.


ഓസ്ട്രേലിയയില്‍ ജയിക്കണമെങ്കില്‍ ടീം സെലക്ഷന്‍ ഏറെ പ്രധാനമാണെന്നും ഹുസൈന്‍ പറഞ്ഞു. ഇന്ത്യക്ക് ഒരുപാട് മികച്ച ബാറ്റ്സ്മാന്‍മാരുണ്ട്. അതുകൊണ്ടുതന്നെ ആദ്യ രണ്ട് ടെസ്റ്റില്‍ രോഹിത് തിളങ്ങില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ പൃഥ്വി ഷായെ ഓപ്പണറാക്കി ഇറക്കരുത്. കാരണം അടുത്ത കളിയില്‍ പൃഥ്വി തിളങ്ങിയില്ലെങ്കില്‍ മറ്റൊരു ബാറ്റ്സ്മാന്‍ വരും. മികച്ച ബാറ്റ്സ്മാന്‍മാര്‍ക്ക് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മതിയായ സമയം നല്‍കണം.

2001ലെ കൊല്‍ക്കത്ത ടെസ്റ്റിനുശേഷം ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകള്‍ കാണികളില്‍ ആവേശമുണര്‍ത്തുന്ന പരമ്പരകളായിട്ടുണ്ട്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഓസീസും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞു.