Asianet News MalayalamAsianet News Malayalam

ദാദ ഔട്ട്, ഗാംഗുലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ; പക്ഷേ സച്ചിനെയും കോലിയെയും തൊടാനാവില്ല!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ പുരുഷ താരങ്ങളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് മുന്നില്‍

Rohit Sharma overtake Sourav Ganguly to become 4th highest Indian run scorer in international cricket
Author
First Published Jan 26, 2024, 9:37 AM IST

ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ. 18,433 റണ്‍സ് നേടിയിരുന്ന മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഹിറ്റ്‌മാന്‍ തകര്‍ത്തത്. എന്നാല്‍ ഹൈദരാബാദില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 27 ബോളില്‍ 24 റണ്‍സെടുത്ത് ജാക്ക് ലീച്ചിന്‍റെ പന്തില്‍ രോഹിത് ശര്‍മ്മ പുറത്തായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനായിരുന്നു ക്യാച്ച്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ പുരുഷ താരങ്ങളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് മുന്നില്‍. 664 മത്സരങ്ങളില്‍ 34,357 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം. രണ്ടാമതുള്ള റണ്‍മെഷീന്‍ വിരാട് കോലിക്ക് 522 കളിയിലെ സമ്പാദ്യം 26,733 റണ്‍സും. 504 മത്സരങ്ങളില്‍ 24,064 റണ്‍സുമായി വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് മൂന്നാം സ്ഥാനത്ത്. 468 കളികളില്‍ 18,445 റണ്‍സുമായാണ് രോഹിത് ശര്‍മ്മ നാലാം സ്ഥാനത്തെത്തിയത്. 421 മത്സരങ്ങളില്‍ 18,433 റണ്‍സാണ് അഞ്ചാമതുള്ള സൗരവ് ഗാംഗുലിക്ക് പേരിലുള്ളത്. കരിയറിന്‍റെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന രോഹിത് ശര്‍മ്മയ്ക്ക് ദ്രാവിഡിനെ മറികടക്കുക പോലും പ്രയാസമാണ്. 

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാംദിനം ഇറങ്ങും. ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് തുടരും. ഇംഗ്ലണ്ടിനെക്കാൾ 127 റൺസ് പിന്നിലാണ് ഇന്ത്യയിപ്പോൾ. 76 റൺസോടെ യശ്വസി ജയ്‍സ്വാളും 14 റൺസോടെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. രോഹിത് ശർമ്മ 24 റൺസെടുത്ത് പുറത്തായിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 246 റൺസാണ് എടുത്തത്. മൂന്ന് വീതം വിക്കറ്റുമായി സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും രണ്ട് പേരെ വീതം അക്സര്‍ പട്ടേലും ജസ്പ്രീത് ബുമ്രയുമാണ് ഇംഗ്ലണ്ടിനെ 64.3 ഓവറില്‍ എറിഞ്ഞിട്ടത്. 

Read more: സാനിയ മിര്‍സയ്ക്ക് പ്രശംസാപ്രവാഹം, ഷൊയ്ബ് മാലിക്കിന് തെറിവിളി; സാനിയയുടെ പുതിയ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios